കൂടുതൽ തൊഴിൽ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു
തൃശൂർ : ഉദ്യോഗാർത്ഥികൾ ആർജിക്കുന്ന നവീനമായ അറിവിനും പ്രാപ്തിക്കും അനുസരിച്ച് തൊഴിൽ നൽകുക എന്ന ലക്ഷ്യം സാക്ഷാത്ക്കാരിക്കുന്നതിനു വേണ്ടിയാണ് നിയുക്തി തൊഴിൽ മേള സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാഷണൽ എംപ്ലോയ്‌മെൻ്റ് സർവ്വീസ് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെൻ്റർ, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജ് - എച്ച് ആർ ഡി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലേയ്‌സ്‌മെന്റ് സെല്ലുകള്‍ സജീവമാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. യുവതീയുവാക്കളുടെ സംരംഭകത്വ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരിക, കൂടുതൽ തൊഴിൽ ഉല്പാദിപ്പിക്കുക എന്നിവയും സർക്കാർ ലക്ഷ്യമിടുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന എംബ്ലോയബിലിറ്റി സെന്ററുകൾ മാതൃകാപരമായ രീതിയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നതായും സ്വകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശമ്പളത്തോടെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ഉള്‍ക്കൊള്ളുന്നു എന്നത് ഏറെ അഭിനന്ദാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്‍പതോളം കമ്പനികളിൽ രണ്ടായിരത്തിലേറെ ഒഴിവുകളിലേക്കാണ് തൊഴില്‍മേള നടക്കുന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫെനി എബി വെള്ളാനിക്കാരന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ ഷാജു ലോനപ്പന്‍ എം, സീനത്ത് വി. എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എറണാകുളം മേഖല എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ അബ്ദുറഹ്മാൻ കുട്ടി സ്വാഗതവും ജി സജയന്‍ നന്ദിയും പറഞ്ഞു.