ഖത്തറിൽ നിന്ന് നമ്മുടെ ഹൃദയത്തിലേക്കൊരു കിക്ക്.....

ഖത്തർ ലോകകപ്പിന് ഒരു വേദി ആകുമ്പോൾ നൈനാൻവളപ്പും, എടരിക്കോടും, കോവളവും മട്ടാഞ്ചേരിയും പുള്ളാവൂരും എല്ലാം ചേർന്ന നമ്മുടെ കൊച്ചു കേരളവും ആ ലോകകപ്പ് ആവേശ നിറവിലാണ്

ക്രിക്കറ്റിന് പ്രാമുഖ്യം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആണ് നമ്മുടെ ഇന്ത്യയുടെ സ്ഥാനം, എങ്കിലും ഇന്ത്യയുടെ തെക്കേമൂലയിൽ അതിവൈകാരികമായി ഫുട്ബോളിനെ നെഞ്ചോട് ചേർക്കുന്ന വലിയ ഒരു ജനത തന്നെ ഉണ്ട്. കാൽപന്തിനെ ഹൃദയത്തിലേക്ക് ആവാഹിച്ച ഒരുപറ്റം ഫുട്ബോൾ പ്രേമികളുടെ നാട്, അതെ നമ്മൾ സ്വയം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്ന നമ്മുടെ കേരളം. മലയാളികൾ ഒരുപാടുള്ള ഖത്തർ ലോകകപ്പിന് ഒരു വേദി ആകുമ്പോൾ നൈനാൻവളപ്പും, എടരിക്കോടും, കോവളവും മട്ടാഞ്ചേരിയും പുള്ളാവൂരും എല്ലാം ചേർന്ന നമ്മുടെ കൊച്ചു കേരളവും ആ ലോകകപ്പ് ആവേശ നിറവിലാണ്.

നാട്ടിൻപുറത്തെ ചായക്കടകളിലും ആളുകൾ ഒത്തുകൂടുന്ന കവലകളിലും, വിവാഹ പന്തൽ മുതൽ മരണവീട്ടിൽ പോലും ഇന്ന് നാം എല്ലാം സംസാരിച്ച് കൊണ്ടിരിക്കുന്നത് ലോകകപ്പിനെ കുറിച്ചാണ്. അവരവരുടെ ഇഷ്ട ടീമുകൾ ലോകകപ്പ് നേടുമെന്ന അവകാശവാദങ്ങളിലാണ്. ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, പോർച്ചുഗൽ, നെതർലാൻഡ്, ബെൽജിയം തുടങ്ങിയ യൂറോപ്യൻ ടീമുകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരുപാട് ആരാധകർ നമ്മുടെ നാട്ടിൽ ഉള്ളപ്പോഴും മലയാളി ഫുട്ബോൾ ആരാധകരിൽ കൂടുതൽ പേരും തെക്കേ അമേരിക്കയിൽ നിന്നുള്ള ബ്രസീൽ അർജന്റീന ടീമിനെ നെഞ്ചോട് ചേർക്കുന്നവരാണ്.

ലോകഫുട്ബാളിലെ പ്രബലന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രസീൽ ജർമ്മനി, ഇറ്റലി ടീമുകളിൽ, പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായ ഇറ്റലിക്ക് ഖത്തർ ലോകകപ്പിന് ക്വാളിഫൈ ചെയ്യാൻ പോലും സാധിച്ചില്ല. എന്നാൽ ബ്രസീൽ ജർമ്മനി ടീമുകൾ ഇത്തവണയും കിരീടപോരിൽ മുൻപന്തിയിൽ തന്നെ ഉണ്ട്. അഞ്ച് ലോകകപ്പ് നേടിയ ഏക രാജ്യമാണ് ബ്രസിൽ, ഫുട്ബോളിലെ അതികായന്മാർ.... ബ്രസീലിനെ അപേക്ഷിച്ച് അത്ര വലിയ ഫുട്ബോൾ ശക്തികൾ ഒന്നുമല്ലേലും ഒരുപക്ഷെ ബ്രസീലിനേക്കാൾ കേരളത്തിൽ ആരാധകരുള്ള ടീം ആണ് അർജന്റീന. അവർക്ക് ലഭിച്ച ഈ സ്വീകാര്യതക്ക് കാരണമായി വിലയിരുത്തുന്നത് കേരളത്തിൽ ടെലിവിഷനിലൂടെ ആളുകൾ ലോകകപ്പ് കാണാൻ തുടങ്ങിയത് 1986 മുതൽ ആണെന്നതാണ്, അന്ന് ഫുട്ബോൾ ഇതിഹാസം മറഡോണയിലൂടെ അർജന്റീനയാണ് കപ്പ് ഉയർത്തിയത്. അന്നത്തെ മറഡോണയുടെ പ്രകടനവും അർജന്റീനയുടെ കളി ശൈലിയും കേരളത്തിൽ വലിയ ഒരു ആരാധക സംഘത്തെ അവർക്ക് ഉണ്ടാക്കി കൊടുത്തു. പിന്നീട് വന്ന ബാറ്റിസ്‌റ്റൂട്ടയെ പോലെ ഒർട്ടേഗയെ പോലെ റിക്വൽമിയെ പോലെ ഒടുവിൽ സാക്ഷാൽ ലയണൽ മെസ്സിയെ പോലെ ലോകഫുട്ബാളിൽ കാൽപന്തിന്റെ വസന്തം തീർത്ത ഒരുപാട് താരങ്ങളുടെ കളിമികവിൽ ആകൃഷ്ടരായി ആ ആകാശനീലിമ ജേഴ്സിടുള്ള ആരാധകരുടെ പ്രിയവും ഏറിവന്നു.

എന്നാൽ ബ്രസീൽ അവരുടെ താരങ്ങളുടെ വ്യക്തിഗത പ്രകടങ്ങളോടൊപ്പം ടീമെന്ന നിലയിൽ കാൽപന്ത് മൈതാനങ്ങളിൽ സാംബ താളത്തിന്റെ ചുവടിൽ തീർക്കുന്ന കളി മികവും ഫുട്ബോൾ എന്നത് ഒരു ദേശീയ വികാരമായി കാണുന്ന ജനതയുടെ തോൽക്കാൻ തയ്യാറാവാത്ത മനസ്സും മഞ്ഞപ്പടയോടുള്ള മലയാളി ഫുട്ബോൾ ആരാധകരുടെ അഭിനിവേശത്തിന് കാരണമായി, ഒപ്പം പെലെയും റൊമാരിയോയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്‌മറും മഞ്ഞ ജേഴ്‌സിക്കുള്ളിൽ തീർക്കുന്ന പോരാട്ടവീര്യം ബ്രസിൽ എന്ന ടീമിനെ കേരളത്തിൽ ജനപ്രിയമാക്കി.

കോഴിക്കോട് പുള്ളാവാരൂരിൽ പുഴക്ക് നടുവിലായി അർജന്റീന ആരാധകർ വെച്ച മെസ്സിയുടെ കട്ടൗട്ട് ലോക മാധ്യമങ്ങൾ എല്ലാം ഷെയർ ചെയ്‍തപ്പോൾ അതിനേക്കാൾ ഉയരത്തിൽ ഉള്ള നെയ്മർ കട്ടൗട്ട് സ്ഥാപിച്ചാണ് ബ്രസീൽ ഫാൻസ്‌ മറുപടി നൽകിയത്. എന്നാൽ അവർ രണ്ടു ഫാൻസിന്റെയും കട്ടൗട്ടിനെക്കാൾ ഉയരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടം വെക്കാനും നമ്മുടെ നാട്ടിൽ ആരാധകർ ഉണ്ടായി. ഫ്ളക്സ് വിപ്ലവത്തിടൊപ്പം അവരവരുടെ ടീമിനായുള്ള വാതുവെപ്പും തകൃതിയായി തന്നെ നടക്കുന്നുണ്ട്. രസകരമായ വാതുവെപ്പുകൾ മുതൽ പണം വാരി എറിഞ്ഞുള്ള വാതുവെപ്പുകൾ വരെ ഗ്രാമ-നഗര വേർതിരിവില്ലാതെ കേരളത്തിൽ അങ്ങോളമിങ്ങോളം നടന്നുവരുന്നു.

ലോകകപ്പ് ഖത്തറിൽ ആയത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ട് കാണുന്ന ലോകകപ്പ് കൂടിയാകും 2022 ലേത്, ഇഷ്ട ടീമിന്റെ കളിയുടെ ടിക്കറ്റ് ലഭിക്കാത്തവർ പോലും മറ്റു ടിക്കറ്റുകളുമായി ഖത്തറിലേക്ക് പറക്കാൻ തയ്യാറായിരിക്കുയാണ്. ഇതിനോടകം വലിയ മൽസരങ്ങളുടെ ടിക്കറ്റുകൾ എല്ലാം വിറ്റുകഴിഞ്ഞു. കരിഞ്ചന്തയിൽ ടിക്കെറ്റ് ലഭിക്കും എന്ന പ്രതീക്ഷയിൽ ഖത്തറിലേക്ക് പറക്കുന്നവരും ഉണ്ട്. ട്രോൾ യുഗം ആയത് കൊണ്ട് തന്നെ കളി തുടങ്ങുന്നതോടെ ട്രോളൻ മാരും രംഗത്തുവരും, എതിർടീമിന്റെ തോൽവികൾ ട്രോൾ ആക്കി മാറ്റാനുള്ള പണികൾ പലരും ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. ഇഷ്ട ടീമുകളെ കുറിച്ച് ആരാധകർ ഉണ്ടാക്കിയ മ്യൂസിക് ആൽബങ്ങളും നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ആവേശഭരിതമാക്കുന്നു.

ലോകത്തെ പല പ്രമുഖ ഫുട്ബോൾ നിരീക്ഷകരും ഇത്തവണ ബ്രസീൽ അർജന്റീന സെമി ഫൈനൽ മത്സരം പ്രവചിക്കുന്നുണ്ട്. അങ്ങനെ ഒന്നുണ്ടായാൽ കേരളത്തിൽ അന്നൊരു ഉത്സവരാത്രി തന്നെയാകും. കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ ബ്രസീലിന്റെ മണ്ണിൽ നിന്ന് കിരീടം നേടിയ അർജന്റീനക്ക് ലോകകപ്പിലൂടെ മറുപടി നൽകും എന്ന ഉറച്ച വിശ്വാസത്തിൽ ആണ് ബ്രസിൽ ആരാധകർ, എന്നാൽ വീണ്ടും കോപ്പ ഫൈനൽ ആവർത്തിക്കും, കപ്പ് അർജന്റീനയിൽ തന്നെ എത്തും എന്ന് മെസ്സിപ്പടയും വിശ്വസിക്കുന്നു. ഇരു ടീമുകളും കിരീട പ്രതീക്ഷയിൽ ഒപ്പത്തിനൊപ്പം തന്നെ.....

ഫുട്ബാളിൽ എല്ലാ നേട്ടങ്ങളും സ്വന്തം പേരിൽ എഴുതി ചേർത്ത മെസ്സിക്ക് 2014-ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ആ ലോകകപ്പ് എന്ന സ്വപ്നം യാഥാർത്ഥമാക്കാൻ സാധിക്കുമോ ? അതല്ല അവസാനമായി 2002-ൽ കഫു ഉയർത്തിയ ലോകകപ്പ് നെയ്മറിലൂടെ മഞ്ഞപ്പട വീണ്ടും ബ്രസീലിൽ എത്തിക്കുമോ ? കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് ഉയർത്തികൊണ്ട് തന്റെ തിരിച്ചുവരവ് ചരിത്രത്താളുകളിൽ എഴുതി ചേർക്കുമോ ? ഫ്രാൻസിലൂടെ ജർമനിയിലൂടെ ഇംഗ്ലണ്ടിലൂടെ സ്പെയിനിലൂടെ കപ്പ് വീണ്ടും യൂറോപ്പിലേക്ക് തന്നെ കൊണ്ടുപോകുമോ ? ഇനിയിപ്പം ലോകകപ്പിന് പുതിയ അവകാശികൾ ആകുവാൻ നെതർലാൻഡ്, ബെൽജിയം ടീമുകൾക്ക് സാധിക്കുമോ ? ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള ടീമുകൾ അത്ഭുതങ്ങൾ കാണിക്കുമോ? തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി രാവ് പകലാക്കി നമുക്ക് കാത്തിരിക്കാം......

ആര് കപ്പുയർത്തിയാലും വിജയം ഫുട്ബോളിനാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും രാജ്യാതിർത്തികൾക്കും അതീതമായി ഒരു ജനതയെ ഒന്നിപ്പിക്കുന്ന കാൽപന്തിന്റെ വിജയം. ഖത്തർ ലോകകപ്പ് ഫുട്ബോൾ പ്രേമികൾക്ക് ഒരാവേശമായി തന്നെ മാറട്ടെ, പുതിയ ചരിത്രങ്ങൾ പിറവി കൊള്ളട്ടെ, എല്ലാ മനസ്സുകളെയും ഒന്നിപ്പിക്കുന്ന കാൽപന്തിന്റെ ആവേശതിമിർപ്പിലേക്ക് ഖത്തറിൽ നിന്ന് നമ്മുടെ ഹൃദയത്തിലേക്കൊരു കിക്ക്......

ഷാഹുൽ ബേപ്പൂർ

Related Posts