ഏറ്റവും ഭാരം കൂടിയ ഗർഭാശയം നീക്കം ചെയ്തതിൽ മലയാളി ഡോക്ടർക്ക് വേൾഡ് റെക്കോർഡ്
പത്തനംതിട്ട: 4.420 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം ലാപ്രോസ്കോപ്പിയിലൂടെ നീക്കം ചെയ്ത് ലോക റെക്കോഡ് നേടി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർ സിറിയക് പാപ്പച്ചൻ. നീണ്ട ആറു മണിക്കൂർ സമയമെടുത്ത് നാല് ദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ ഗർഭപാത്രത്തിന്‍റെ വലുപ്പം 60-70 ഗ്രാം മാത്രമുള്ളൂ. 2009 ൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ലാപ്രോസ്കോപ്പിയിലൂടെ 3.96 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം നീക്കം ചെയ്തതാണ് നിലവിലെ ലോക റെക്കോർഡ്. അഞ്ച് മണിക്കൂറിനുള്ളിൽ ആറ് താക്കോൽദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. 2008 ൽ രണ്ട് അമേരിക്കൻ ശസ്ത്രക്രിയാ വിദഗ്ധർ 3.2 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം നീക്കം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 2022 ഡിസംബർ 29 നായിരുന്നു ശസ്ത്രക്രിയ. പത്തനംതിട്ട ജില്ലയിലെ ഷാന്‍റി ജോസഫ് എന്ന 45കാരിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്.