'സുരക്ഷിതനാണ്, അന്വേഷിക്കേണ്ട'; സന്ദേശമയച്ച് ഇസ്രയേലില്‍ കാണാതായ മലയാളി കർഷകൻ
കണ്ണൂര്‍: താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും കുടുംബാംഗങ്ങൾക്ക് സന്ദേശമയച്ച് ഇസ്രായേലിൽ കാണാതായ മലയാളി കർഷകൻ. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ബിജു കുര്യനെയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ആധുനിക കൃഷി രീതി പരിശീലന യാത്രക്കിടെ കാണാതായത്. എന്നാൽ കൂടുതൽ വിവരങ്ങൾ ബന്ധുക്കളുമായി ഇദ്ദേഹം പങ്കുവച്ചിട്ടില്ല. ബിജു ഉൾപ്പെടെ 27 കർഷകരെ ആധുനിക കൃഷി പരിശീലനത്തിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ചിരുന്നു. എന്നാൽ ഫെബ്രുവരി 17ന് രാത്രി ബിജുവിനെ ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ബിജു വാഹനത്തിൽ കയറിയില്ലെന്നും തുടർന്ന് കാണാതാവുകയായിരുന്നു എന്നാണ് വിവരം. പാസ്പോർട്ട് അടങ്ങിയ ഹാൻഡ്ബാഗ് കൈവശമുണ്ടായിരുന്നതായി മറ്റ് കർഷകർ പറഞ്ഞു. തുടർന്ന് സംഘത്തിലെ അംഗങ്ങൾ ഇന്ത്യൻ എംബസിയെ വിവരമറിയിക്കുകയായിരുന്നു. ബിജുവിനെ കണ്ടെത്താൻ ഇസ്രയേൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.