ഭാര്യയ്ക്ക് സമ്മാനമായി താജ്മഹൽ പോലൊരു വെണ്ണക്കൽ സൗധം

പ്രിയപ്പെട്ട ഭാര്യയ്ക്ക് സമ്മാനമായി താജ്മഹൽ പോലൊരു വെണ്ണക്കൽ സൗധം പണിതു കൊടുത്ത് മധ്യപ്രദേശുകാരൻ. ബുർഹാൻപുർ സ്വദേശിയായ ആനന്ദ് ചോക്സിയാണ് ഷാജഹാൻ ചക്രവർത്തി നിർമിച്ച വെണ്ണക്കൽ കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മനോഹരമായ സൗധം ഭാര്യയ്ക്കുവേണ്ടി പണിഞ്ഞത്.

ബുർഹാൻപുർ നഗരത്തിലാണ് മുംതാസ് അന്ത്യശ്വാസം വലിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് താജ്മഹൽ പണിയാൻ ഷാജഹാൻ ചക്രവർത്തി ആഗ്ര നഗരം തെരഞ്ഞെടുത്തത് എന്ന ചിന്ത ചോക്സിയെ അലട്ടിയിരുന്നു. താജ്മഹൽ ആദ്യം നിർമിക്കാൻ ആലോചിച്ചിരുന്നത് തപ്തി നദിക്കരയിലാണെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ബുർഹാൻപുരിൽ സ്വന്തം ഭാര്യയ്ക്കായി താജ്മഹൽ പ്രണയ സൗധം എന്ന തൻ്റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ആനന്ദ് ചോക്സി.

മൂന്നു വർഷമെടുത്താണ് സൗധത്തിൻ്റെ പണി പൂർത്തിയാക്കിയത്. 4 ബെഡ് റൂമുകളാണ് വീടിന് ഉള്ളത്. താജ്മഹൽ പലവട്ടം സന്ദർശിച്ച്, അതിൻ്റെ പ്രത്യേകതകൾ സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷമാണ് കെട്ടിടത്തിൻ്റെ പണിയിലേക്ക് തിരിഞ്ഞതെന്ന് എഞ്ചിനീയർ പറഞ്ഞു. ഇൻ്റീരിയർ കൊത്തുപണികൾ ചെയ്യാൻ ബംഗാളിൽനിന്നും ഇൻഡോറിൽ നിന്നുമുള്ള കലാകാരന്മാരെ കൊണ്ടുവന്നു. 29 അടി ഉയരത്തിലാണ് ഡോം നിർമിച്ചത്. ടവറുകളും പണിതിട്ടുണ്ട്. രാജസ്ഥാൻ മക്രാണ കൊണ്ടാണ് ഫ്ലോറിങ്ങ് ഒരുക്കിയത്. ഫർണീച്ചറുകൾ നിർമിച്ചത് മുംബൈയിൽ നിന്നുള്ള പണിക്കാരാണ്. വിശാലമായ ഹാളും, മുകളിലും താഴെയുമായി നാല് കിടപ്പുമുറികളും ലൈബ്രറിയും ധ്യാന മുറിയും കെട്ടിടത്തിലുണ്ട്. താജ്മഹലിനു സമാനമായ ദീപവിതാനങ്ങളുള്ളതിനാൽ ഇരുട്ടിയാൽ യഥാർഥ താജിനെപ്പോലെ പ്രകാശത്തിൽ കുളിച്ചു നില്ക്കുന്ന വിധത്തിലാണ് സംവിധാനം.

Related Posts