മുംബൈയിൽ മധ്യവയസ്കനെ കൊന്ന് എഴാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു; ഭാര്യയും മകനും അറസ്റ്റിൽ
മുംബൈയിലെ അംബോലിയിൽ 54-കാരനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു. ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ശന്തനുകൃഷ്ണ ശേഷാദ്രി എന്നാണ് കൊല്ലപ്പെട്ടയാളിൻ്റെ പേര്. ഇയാൾ ആത്മഹത്യ ചെയ്‌തതാണെന്നാണ് ഭാര്യയും മകനും പൊലീസിനോട് പറഞ്ഞിരുന്നത്. ഇയാൾ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ഇരുവരും പൊലീസിനെ ധരിപ്പിച്ചിരുന്നു.
എന്നാൽ തുടരന്വേഷണത്തിൽ അമ്മയും മകനും കള്ളം പറഞ്ഞതാണെന്ന് പൊലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ഇരുവരും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മഞ്ജുനാഥ് ഷിംഗെ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വരുന്നു.