3 വയസ്സുകാരിയെ കരടിക്കൂട്ടിലേക്ക് തള്ളിയിട്ട് അമ്മ; വൈറലായി ഷോക്കിങ്ങ് വീഡിയോ
മൂന്ന് വയസ്സുള്ള മകളെ കരടിയുടെ എൻക്ലോഷറിന് ഉള്ളിലേക്ക് തള്ളിയിടുന്ന അമ്മയുടെ ഭയാനകമായ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായി.
ഉസ്ബെക്കിസ്താൻ തലസ്ഥാനമായ താഷ്കെൻ്റിലെ ഒരു മൃഗശാലയിലാണ് മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന ഭീതിജനകമായ സംഭവം അരങ്ങേറിയത്. അമ്മയ്ക്കെതിരെ താഷ്കെൻ്റ് പൊലീസ്
വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിൻ്റേയും പേരുകൾ അടക്കമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കരടിയുടെ എൻക്ലോഷറിന് ഉള്ളിലേക്ക് വീഴുന്നതിന് മുമ്പായി റെയിലിംഗിൽ കുട്ടി തൂങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം. തവിട്ടുനിറത്തിലുള്ള കരടിയുടെ കൂട്ടിനുള്ളിലെ 16-അടി താഴ്ചയുള്ള കിടങ്ങിലേക്കാണ് കുട്ടി വീഴുന്നത്. ഭയചകിതരായ കാഴ്ചക്കാർ അന്ധാളിപ്പോടെയാണ് ഇത് നോക്കി നിൽക്കുന്നത്.
സുസു എന്നു പേരുള്ള കരടി അതിന്റെ എൻക്ലോഷറിന് ഉള്ളിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. കുട്ടി വീണത് കണ്ടതിനെ തുടർന്ന് കരടി കിടങ്ങിൽ ഇറങ്ങിവന്നു എന്നും മണം പിടിച്ചതിനുശേഷം എന്തുകൊണ്ടോ ദൂരേക്ക് നീങ്ങിപ്പോയെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഭാഗ്യവശാൽ കരടി കുഞ്ഞിനെ ഉപദ്രവിച്ചില്ല.
അതിനിടെ, പെൺകുഞ്ഞിനെ രക്ഷപ്പെടുത്താനായി മൃഗശാലാ പ്രവർത്തകർ കരടിയുടെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് ആകർഷിച്ചു. ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഫൂട്ടേജിൽ ആറ് മൃഗശാലാ സൂക്ഷിപ്പുകാർ എൻക്ലോഷറിന് ഉളളിലേക്ക് പ്രവേശിക്കുന്നതും അവരിൽ ഒരാൾ പെൺകുട്ടിയെ എടുത്ത് കൊണ്ടുപോകുന്നതും കാണാം.