കടവല്ലൂർ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം വരുന്നു
ആധുനിക സൗകര്യങ്ങളോടെ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം നിർമിക്കുന്നു. ഇതിൻ്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചു നീക്കിത്തുടങ്ങി. പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ ശനിയാഴ്ച (ഒക്ടോബർ 16) മുതൽ തൊട്ടടുത്ത ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് താൽക്കാലികമായി മാറ്റും. ഫ്രണ്ട് ഓഫീസ് പ്രവർത്തനമാണ് ആദ്യ ദിവസം ഉണ്ടാവുക.
50 വർഷത്തോളം പഴക്കമുള്ള കടവല്ലൂർ ഗ്രാമപഞ്ചായത്ത് കെട്ടിടം സൗകര്യക്കുറവുമൂലമാണ് പൊളിച്ച് പുതിയ രണ്ടുനില കെട്ടിടം നിർമിക്കുന്നത്. എ സി മൊയ്തീൻ എം എൽ എ തദ്ദേശ വകുപ്പ് മന്ത്രിയായിരിക്കെയാണ് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് ഒരു കോടി രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത്.
18 മാസത്തിനുള്ളിൽ പുതിയ കെട്ടിടം പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2 നിലയിലായി ഓഫീസ്, കോൺഫറൻസ് ഹാൾ, പ്രത്യേക മീറ്റിങ് ഹാൾ, സന്ദർശകമുറി, ഭിന്നശേഷി സൗഹൃദ ഓഫീസ്, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും. പഞ്ചായത്തിനോട് ചേർന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് പൊതുജനങ്ങൾക്കായി ടോയ്ലറ്റ് കോംപ്ലക്സും നിർമിക്കുന്നുണ്ട്.
താൽക്കാലിക പ്രവർത്തനം നടത്തുന്ന കമ്യൂണിറ്റി ഹാളിലേക്ക് കമ്പ്യൂട്ടറുകൾ, സെർവർ, റെക്കോർഡുകൾ എന്നിവ മാറ്റി. പ്രസിഡന്റ്, മെമ്പർമാർ, സെക്രട്ടറി, ഉദ്യോഗസ്ഥർ എന്നിവരുടെ കാബിനുകളും സജ്ജീകരിച്ചു. ഗ്രാമപഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തൊഴിലുറപ്പ് ഓഫീസ്, കുടുംബശ്രീ സിഡിഎസ് ഓഫീസ്, എൽഎസ്ജിഡി ഓഫീസ് മുതലായവയും ഇവിടെ പ്രത്യേക കാബിനിൽ പ്രവർത്തിക്കും.
പഞ്ചായത്ത് പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ അവധി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ, മെമ്പർമാർ, സെക്രട്ടറി ഉല്ലാസ്, ഓവർസീയർ ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പഴയ ഓഫീസിലെ സാധന സാമഗ്രികൾ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്.