കൊവിഡ് മൂലം ഇന്ത്യക്കാരുടെ ആയുസ്സ് രണ്ടുവർഷം കുറഞ്ഞെന്ന് പുതിയ പഠനം
കൊവിഡ് കാരണം ഇന്ത്യക്കാരുടെ ആയുസ്സിൽ 2 വർഷം നഷ്ടപ്പെട്ടതായി പഠനം. പുരുഷന്മാരുടെ ശരാശരി ആയുസ്സ് 2019-ൽ 69.5 ആയിരുന്നു. 2020-ൽ അത് 67.5 ആയി കുറഞ്ഞു. സ്ത്രീകളുടെ ശരാശരി ആയുസ്സ് 2019-ൽ 72 വയസ്സായിരുന്നെങ്കിൽ 2020 ആയപ്പോൾ 69.8 ആയി കുറഞ്ഞു.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസിലെ ശാസ്തജ്ഞരാണ് ഗവേഷണം നടത്തിയത്. ബി എം സി പബ്ലിക്ക് ഹെൽത്തിലാണ് പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. ജനന സമയത്തെ മറ്റു ഘടകങ്ങളിൽ മാറ്റം സംഭവിക്കാതിരുന്നാൽ, നവജാതർ ശരാശരി എത്രകാലം ജീവിക്കും എന്നതാണ് 'ലൈഫ് എക്സ്പെക്റ്റൻസി അറ്റ് ബെർത്ത് ' സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി മനുഷ്യരുടെ ആരോഗ്യത്തിലും ആയുസ്സിലും കൊണ്ടുവന്ന പ്രത്യാഘാതങ്ങളാണ് ഐ ഐ പി എസ് പഠന വിധേയമാക്കിയത്.
2020 മാർച്ചിനു ശേഷം കേന്ദ്ര സർക്കാരിൻ്റെ കണക്കു പ്രകാരം രാജ്യത്താകെ 4.5 ലക്ഷം കൊവിഡ് മരണങ്ങളാണ് നടന്നിട്ടുള്ളത്. എന്നാൽ ദശലക്ഷക്കണക്കിന് കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചിട്ടുള്ളത് എന്നാണ് ഡാറ്റ സ്പെഷ്യലിസ്റ്റുകൾ പറയുന്നത്.