അമേരിക്കയിലെ മന്ത്രവാദിയായ കാമുകന് വേണ്ടി പദവികളുപേക്ഷിച്ച് നോർവീജിയൻ രാജകുമാരി
പ്രണയത്തിന് വേണ്ടി എന്തും ചെയ്യാനും എന്തും ഉപേക്ഷിക്കാനും ആളുകൾ ചിലപ്പോൾ തയ്യാറാകും എന്ന് പറയാറുണ്ട്. ഇവിടെയും സംഭവിച്ചത് അത് തന്നെയാണ് എന്ന് പറയേണ്ടി വരും. നോർവീജിയൻ രാജകുമാരിയായ മാർത്ത ലൂയിസ് തന്റെ പ്രണയത്തിന് വേണ്ടി ഉപേക്ഷിച്ചത് രാജകുമാരി എന്ന പദവിയും കൊട്ടാരവുമാണ്. മാർത്തയും ഭാവിവരനും തമ്മിലുള്ള വിവാഹനിശ്ചയത്തെ തുടർന്ന് ഇതേ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ ഉയർന്നിരുന്നു. രാജകുമാരിയും വരനും എന്ത് സ്ഥാനമായിരിക്കും രാജകൊട്ടാരത്തിൽ വഹിക്കുക എന്നതിനെ ചൊല്ലി ആയിരുന്നു ചർച്ചകൾ. അമേരിക്കയിൽ നിന്നുള്ള ഡ്യൂറെക് വെററ്റുമായി ജൂണിലാണ് മാർത്തയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനും ആണ് വെററ്റ്. ചൊവ്വാഴ്ചയാണ് താൻ ഇനി മുതൽ നോർവേയിലെ രാജകൊട്ടാരത്തിലെ പ്രതിനിധിയല്ല എന്ന് മാർത്ത പ്രഖ്യാപിച്ചത്. “ഇപ്പോൾ മുതൽ ഞാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.” 51കാരിയായ രാജകുമാരി പറഞ്ഞു. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വാര്‍ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.