കളിച്ചു പഠിക്കാൻ ഒരു കളിവീട്

കുട്ടികൾക്ക് കളിച്ചു പഠിക്കാൻ 10 വീടുകൾ ചേർന്ന കളിവീട് തുറന്ന് പെരുവല്ലൂർ ഗവ.യു പി സ്കൂൾ. 3,4 വയസ് പ്രായ പരിധിയിലെ കുട്ടികളുടെ സമഗ്ര ശേഷി വികാസത്തിന് ഉതകുന്ന പ്രവർത്തന ഇടങ്ങളായ പഞ്ചേന്ദ്രിയ ഇടം, ശാസ്ത്രയിടം, സംഗീതയിടം, ഇ-ഇടം, ഭാഷാവികസനയിടം, ഹരിതയിടം, നിർമ്മാണയിടം, കരകൗശലയിടം, വരയിടം, ശിശു സൗഹൃദ ഫർണീച്ചർ തുടങ്ങിയവ അടങ്ങിയതാണ് പെരുവല്ലൂർ പ്രീ സ്‌കൂളായ 'കളിവീട്' ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ കളിവീട് ഉദ്ഘാടനം ചെയ്തു. സർക്കാർ വിദ്യാലയങ്ങളെ അവജ്ഞയോടെ കണ്ടിരുന്ന കാലഘട്ടത്തിൽ നിന്ന് ആരും ഇഷ്ടപ്പെടുന്ന തലത്തിലേക്ക് മാറിയത് ദിശാബോധത്തോടെയുള്ള സർക്കാർ ഇടപെടൽ ഒന്നു കൊണ്ട് മാത്രമാണെന്ന് ഡേവിസ് മാസ്റ്റർ അഭിപ്രായപെട്ടു. അമേരിക്കയിലേക്ക് ദൂരം കുറയുമ്പോൾ അമ്മയിലേക്ക് ദൂരം കൂടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ചടങ്ങിൽ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജൻ അധ്യക്ഷത വഹിച്ചു. മുല്ലശേരി ബ്ലോക്ക് പ്രസിഡൻ്റ് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻ്റണി, വിദ്യാഭ്യാസ ഉപഡയറക്റ്റർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം ശ്രീജ, ജനപ്രതിനിധികളായ ദിൽനധനേഷ്, മിനി മോഹൻദാസ്, ശ്രീദേവി ഡേവീസ്, ശിൽപ്പ ഷാജു.സുനീതി അരുൺകുമാർ, ടി ജി പ്രവീൺ, പ്രധാന അധ്യാപിക കെ കെ ജെയ്സി, ബി പി സി അനീഷ് ലോറൻസ്, ഒ എസ് എ പ്രസിഡണ്ട് എൻ കെ സുലൈമാൻ, പി ടി എ പ്രസിഡണ്ട് എൻ എസ് രാജേഷ് എന്നിവർ സംസാരിച്ചു.
വിവിധ വേഷമണിഞ്ഞ കുരുന്നുകൾ ഘോഷയാത്രയായാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. മുല്ലശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളം നൽകിയ 10 ലക്ഷവും മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 6 ലക്ഷവും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പൂർവ വിദ്യാർത്ഥി സംഘടന എന്നിവയുടെ സഹകരണത്തോടും കൂടിയാണ് മാതൃകാ പ്രീ-സ്കൂൾ 'കളിവീട് ' ഒരുക്കിയിരിക്കുന്നത്.