നഷ്ടപ്പെട്ടത് ഏറെ ഭാവിയുള്ള കലാകാരിയെ; സുബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര സീരിയൽ താരം സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുബിയുടെ വിയോഗത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുബിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ഹാസ്യകഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ സൃഷ്ടിക്കാനും സുബിക്ക് കഴിഞ്ഞുവെന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന കുറിപ്പിൽ പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി കേരളത്തിൽ സുപരിചിതയായത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം. തൃപ്പൂണിത്തുറ ഗവൺമെന്‍റ് സ്കൂൾ, എറണാകുളം സെന്‍റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 41 വയസായിരുന്നു. 2006ൽ രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സുബി സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത, ഡ്രാമ തുടങ്ങി ഇരുപതിലധികം സിനിമകളിലും അഭിനയിച്ചു.

Related Posts