പുസ്തക പ്രകാശന ചരിത്രത്തിലെ അപൂർവത; പെൺയാത്രകളുടെ പുസ്തകം പ്രകാശനം ചെയ്തത് 10 പെണ്ണുങ്ങൾ ചേർന്ന്
കോഴിക്കോട്: പുസ്തക പ്രകാശന ചരിത്രത്തിൽ അപൂർവതയായി ഒരു സഞ്ചാര സാഹിത്യ കൃതിയുടെ പ്രകാശനം. എഴുത്തുകാരിയും അധ്യാപികയും ആക്റ്റിവിസ്റ്റുമായ അപർണ ശിവകാമിയുടെ 'താഴ് വരകൾ പൂക്കുന്നിടം' എന്ന പുസ്തകം പ്രകാശനം ചെയ്തത് പത്ത് പെണ്ണുങ്ങൾ ചേർന്ന്. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ നടൻ മാമുക്കോയ മുഖ്യാതിഥിയായി. ഗൂസ്ബെറി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ മാത്രം നടത്തിയ യാത്രകളെ കുറിച്ചാണ് പുസ്തകം. എഴുത്തുകാരിക്കൊപ്പം യാത്രയിൽ പങ്കാളികളായ സ്ത്രീകളാണ് പുസ്തകം പ്രകാശനം ചെയ്തത്. തുടർന്ന് നടന്ന 'പെൺയാത്രകളുടെ രാഷ്ട്രീയം' എന്ന സെമിനാറിൽ ഡോ. കെ പി ഗിരിജ മോഡറേറ്ററായി. സിസിലി ജോർജ്, രജി ആർ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബാബുരാജിൻ്റെയും ഉമ്പായിയുടെയും ഗാനങ്ങൾ കോർത്തിണക്കി വിശാഖ് വിശ്വനാഥൻ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.