നേന്ത്രക്കുല വിപണിയിൽ ഉണർവ്; വിളവ് കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി
പരപ്പനങ്ങാടി: നേന്ത്രക്കുല വിപണിയിലെ ഉണർവ് വാഴക്കൃഷിക്കാർക്ക് സന്തോഷവും ഒപ്പം നിരാശയും നൽകുന്നു. ഓണവിപണി കീഴടക്കാൻ നാട്ടിൽ അപൂർവമായി മാത്രമാണ് വാഴക്കുല ഉത്പാദനം നടന്നത്. ഇതാണ് വാഴക്കർഷകരെ നിരാശയിലാക്കുന്നത്. ഇപ്രാവശ്യം പരമാവധി ഉയർന്ന വിലയായ 55 രൂപ വരെ കിലോഗ്രാമിനു കിട്ടിയതായി കർഷകർ പറഞ്ഞു. ഓണത്തോടടുത്ത് കുറഞ്ഞത് 70 രൂപയെങ്കിലും വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നേന്ത്രക്കുലകൾ നാട്ടിൽ വേണ്ടത്ര ലഭ്യമല്ലാത്ത സ്ഥിതിയാണ്. മഴയിലും കാറ്റിലും പരപ്പനങ്ങാടി, വള്ളിക്കുന്ന് മേഖലകളിൽ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിച്ചത്. അതിനാൽ കർഷകർക്ക് വേണ്ടത്ര വിളവ് ലഭിച്ചില്ല.