രാജകീയ യാത്രാനുഭവം; 'ഗോള്‍ഡന്‍ ചാരിയറ്റ്' ട്രെയിന്‍ കേരളത്തിലെത്തി
കൊച്ചി: ടൂറിസം രംഗത്തെ താരമായ 'ഗോൾഡൻ ചാരിയറ്റ്' എന്ന ആഢംബര ട്രെയിൻ കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്‍റെ ഭാഗമായാണ് ആഡംബര ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സൗകര്യങ്ങളുള്ള ട്രെയിനിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന അനുഭവം ലഭിക്കും. രണ്ട് റെസ്റ്റോറന്‍റുകൾ, വ്യായാമ സൗകര്യങ്ങൾ, ആയുർവേദ സ്പാ, ബാറുകൾ എന്നിവയുണ്ട്. ഇന്ത്യൻ, വിദേശ വിഭവങ്ങൾ റെസ്റ്റോറന്‍റിൽ വിളമ്പും. പുറത്തെ കാഴ്ച ആസ്വദിക്കാൻ ട്രെയിനിനുള്ളിൽ വലിയ ഗ്ലാസ് ജാലകങ്ങളും ഉണ്ട്. 43 പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ക്യാബിനുകളുണ്ട്. ഭിന്നശേഷിക്കാർക്കായി ഒരു പ്രത്യേക ക്യാബിനും ഉണ്ട്. വിനോദ സൗകര്യങ്ങളും ട്രെയിനിലുണ്ട്. ജുവൽസ് ഓഫ് സൗത്ത് എന്ന പാക്കേജിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് രാത്രിയും ഏഴ് പകലുമാണ് ഇപ്പോഴത്തെ യാത്ര. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കുമരകം മേഖലകളിൽ പോകാൻ വിനോദ സഞ്ചാരികൾക്കായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് 20 സഞ്ചാരികളുമായി ട്രെയിൻ കൊച്ചിയിലെത്തിയത്. ട്രെയിൻ വെള്ളിയാഴ്ച ചേർത്തലയിലേക്ക് പുറപ്പെടും.