ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, വൻ ദുരന്തം ഒഴിവായി
തൃശൂർ: പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽ വച്ച് തീപിടിച്ചത്. രാവിലെ 11.10 ഓടെയാണ് സംഭവം. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ സജീവ് വാഹനം നിർത്തി യാത്രക്കാരെ പുറത്തെത്തിച്ചു. ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ അണച്ചു. നാട്ടുകാരും സഹായിച്ചു. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. തൃശ്ശൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി. തുടർന്ന് വാഹനത്തിന്‍റെ ബാറ്ററി നീക്കം ചെയ്ത് വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കി.