പരിശോധനയിൽ കുടുങ്ങിയത് ഫിറ്റ്നസും പെർമിറ്റും ഇല്ലാത്ത സ്കൂൾ ബസും
മലപ്പുറം: ഓപ്പറേഷൻ ഫോക്കസ് 3 യുടെ ഭാഗമായി ടൂറിസ്റ്റ് ബസുകൾക്കായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്നലെ ആലത്തൂരിൽ ഒരു സ്കൂൾ ബസും കുടുങ്ങി. വാതിൽ അടയ്ക്കാതെ ബസ് ഓടുന്നത് കണ്ട് നിർത്തി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. കെട്ടിവച്ച സീറ്റുകൾ, തുരുമ്പിച്ച പ്ലാറ്റ് ഫോം, ഡോർ അറ്റൻഡറുമില്ല. രേഖകൾ പരിശോധിച്ചപ്പോൾ ഫിറ്റ്നസും എടുത്തിട്ടില്ല. പെർമിറ്റും ഇല്ല. ആലത്തൂർ കെ.കെ.എം.എച്ച്.എസ്.എസിന്‍റെ ബസാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 45 പേർക്ക് ഇരിക്കാൻ കഴിയുന്ന ബസിൽ 70 കുട്ടികൾ ഉണ്ടായിരുന്നതായും കണ്ടെത്തി. സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചു. അനുയോജ്യമല്ലാത്ത ബസിൽ കുട്ടികളെ പോകാൻ അനുവദിച്ച സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ കളക്ടറോട് ശുപാർശ ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് എംവിഐ പി.കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.