സിംബാബ്‌വെയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി യുവതാരം ശുഭ്മാൻ ഗിൽ. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ ഗിൽ നേടിയത്. മത്സരത്തിലെ ഈ തകർപ്പൻ സെഞ്ചുറിയോടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും ഗിൽ തകർത്തു. വെറും 82 പന്തിൽ നിന്നാണ് ശുഭ്മാൻ ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ 97 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പടെ 130 റൺസ് നേടിയാണ് ഗിൽ പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ സിംബാബ്‌വെയിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഗിൽ സ്വന്തമാക്കി. 1998 ൽ സിംബാബ്‌വെയിൽ 130 പന്തിൽ 127 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയാണ് ശുഭ്മാൻ ഗിൽ പിന്നിലാക്കിയത്. മത്സരത്തിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിൻ്റെ മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് ഇന്ത്യ നേടി. 130 റൺസ് നേടിയ ഗില്ലിനൊപ്പം 61 പന്തിൽ 50 റൺസ് നേടിയ ഇഷാർൻ കിഷനും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ശിഖാർ ധവാൻ 68 പന്തിൽ 40 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 46 പന്തിൽ 30 റൺസും നേടി പുറത്തായി. സഞ്ജു സാംസൺ 13 പന്തിൽ 15 റൺസ് നേടി പുറത്തായി. സിംബാബ്‌വെയ്‌ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

Related Posts