യുഎൻ ആസ്ഥാനത്ത് മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ് എന്നാണ് ഗാന്ധിജിയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. പ്രതിമ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണെന്നും ഗുട്ടെറസ് പറഞ്ഞു. "സമാധാനപരമായ സഹവർത്തിത്വത്തിനും വിവേചനരാഹിത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു ഗാന്ധി. യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പ്രതിമ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലായി പ്രവർത്തിക്കും. അതിന് നാം പ്രതിജ്ഞാബദ്ധരായിരിക്കണം," ഗുട്ടെറസ് ട്വീറ്റ് ചെയ്തു.   ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്. യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിൽ പ്രസിഡന്‍റ് സിസാബ കൊറോസിയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും പങ്കെടുത്തു. ഇതാദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. ഗാന്ധിജിയുടെ ഈ പ്രതിമ ഇന്ത്യ സമ്മാനിച്ചതാണ്. പത്മശ്രീ ജേതാവും പ്രശസ്ത ഇന്ത്യൻ ശിൽപിയുമായ രാം സുതാറാണ് പ്രതിമ നിർമ്മിച്ചത്.

Related Posts