ലോകത്തിൻ്റെ നെറുകയിൽ ഒരു ടീ പാർടി; എവറസ്റ്റിലെ ടീ പാർടിക്ക് ഗിന്നസ് വേൾഡ് റെക്കോഡ്

"ഹൈ" ടീ എന്നതിന് പുതിയൊരു അർത്ഥം കൂടി കൈവന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ തന്നെ ചായ സൽക്കാരം നടത്തി ഹൈ ടീ അങ്ങനെ ശരിക്കും "ഹൈ'' ആവുകയാണ്.
എവറസ്റ്റ് കൊടുമുടിയുടെ ക്യാമ്പ് രണ്ടിലാണ് ടീ പാർടി നടന്നത്. സമുദ്ര നിരപ്പിൽ നിന്ന് 21,312 അടി ഉയരത്തിലാണ് ക്യാമ്പ് രണ്ടുള്ളത്. ലോകത്ത് ഇന്നേവരെ നടന്നതിൽ വെച്ച് "ഹൈയസ്റ്റ് ടീ പാർടി" ആണ് ക്യാമ്പ് രണ്ടിലേതെന്ന് ഗിന്നസ് വേൾഡ് റെക്കോഡ്സ് അംഗീകരിച്ചു.
അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ അത് ലറ്റ് ആൻഡ്രു ഹ്യൂഗ്‌സും സംഘവുമാണ് കഴിഞ്ഞ വർഷം എവറസ്റ്റിൽ ടീ പാർടി നടത്തിയത്. ഗിന്നസിൻ്റെ അംഗീകാരം ലഭിക്കുന്നത് ഇപ്പോഴാണ്. ഏറെ ശ്രമകരമായാണ് ടീ പാർടി നടത്തിയതെന്ന് ഹ്യൂഗ്സ് പറഞ്ഞു.
കനത്ത മഞ്ഞുവീഴ്ചയും പ്രതികൂലമായ കാലാവസ്ഥയും മൂലം ക്യാമ്പ് രണ്ടിൽ എത്തിപ്പെടുന്നതും സാധന സാമഗ്രികൾ എത്തിക്കുന്നതുമെല്ലാം ശ്രമകരമായിരുന്നു. എന്നാൽ അസാധ്യം എന്ന് കരുതിയ നേട്ടം കൈയെത്തി പിടിച്ചതോടെ ജീവിതം അർത്ഥപൂർണമായെന്ന് ഹ്യൂഗ്സ് അഭിപ്രായപ്പെട്ടു.