ഗാന്ധിജിയെ പൂജിക്കുന്ന ക്ഷേത്രം, സ്വാതന്ത്ര്യ ദിനത്തില്‍ ജനപ്രവാഹം
ഹൈദരാബാദ്: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ തെലങ്കാനയിലെ മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ വൻ ജനത്തിരക്ക്. നല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാലിലുള്ള മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ ഇപ്പോൾ പ്രതിദിനം 350 പേര്‍ വരെ എത്താറുണ്ടെന്നാണ് വിവരം. ഹൈദരാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള തെലങ്കാനയിലെ ചിറ്റിയാൽ പട്ടണത്തിന് ചുറ്റുമുള്ള പലർക്കും മഹാത്മാഗാന്ധി ക്ഷേത്രം സന്ദർശിക്കുന്നത് ഒരു വികാരമായി മാറുന്നു. ജില്ലയിലെ ചിറ്റിയാൽ പട്ടണത്തിനടുത്തുള്ള പെഡ്ഡ കപർത്തി ഗ്രാമത്തിലെ ക്ഷേത്രമാണ് വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതെന്ന് ക്ഷേത്രം കൈകാര്യം ചെയ്യുന്ന മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി വി കൃഷ്ണ റാവു പറഞ്ഞു. സാധാരണ ദിവസങ്ങളിൽ 60-70 സന്ദർശകർ എത്തുന്ന ക്ഷേത്രത്തിൽ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കാൻ തെലങ്കാന സർക്കാരും കേന്ദ്ര സർക്കാരും മുൻകൈയെടുത്തതോടെ ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചതായി റാവു പറഞ്ഞു. സാധാരണയായി, 60 മുതൽ 70 വരെ ആളുകൾ എല്ലാ ദിവസവും ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്താറുണ്ട്. ഇപ്പോൾ ആസാദി കാ അമൃത് മഹോത്സവ്, തെലങ്കാന സർക്കാരിന്റെ സ്വതന്ത്ര ഭാരത് വജ്രോത്സവ് എന്നിവയുടെ പേരിൽ വ്യാപകമായ പ്രചാരണം നൽകിയതിനാൽ, സന്ദർശകരുടെ എണ്ണം ഉയർന്നു. 2014ൽ നിർമ്മിച്ച ക്ഷേത്രത്തിൽ പ്രത്യേക പരിപാടികളൊന്നും നടക്കില്ലെങ്കിലും സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15നും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനും പ്രത്യേക പൂജകൾ സംഘടിപ്പിക്കും.