ലോകപൈതൃക പട്ടികയിലെ മൂന്നിലൊന്ന് ഹിമപ്രദേശങ്ങളും മഞ്ഞുരുകൽ ഭീഷണിയിൽ
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൂന്നിലൊന്ന് മഞ്ഞുപ്രദേശങ്ങളും മഞ്ഞുരുകൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. യുനെസ്കോ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, ഓഷ്യാന എന്നിവിടങ്ങളിലെ മഞ്ഞുപ്രദേശങ്ങളാണ് ഈ ഭീഷണി നേരിടുന്നത്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറുമായി (ഐയുസിഎൻ) സഹകരിച്ച് നടത്തിയ പഠനത്തിൽ 2000 മുതൽ ഈ പ്രദേശങ്ങളിൽ ഐസ് ഉരുകൽ നിരക്ക് വേഗത്തിലാകുന്നുവെന്ന് കണ്ടെത്തി. കാർബൺ ബഹിർഗമനം മൂലമുള്ള ആഗോളതാപനമാണ് ഐസ് ഉരുകുന്നതിന്‍റെ പ്രധാന കാരണം. ആഗോള താപനില വർധനവ് 1.5 ഡിഗ്രിക്കുളളില്‍ കുറയ്ക്കാൻ കഴിഞ്ഞാൽ, മറ്റ് മൂന്നിൽ രണ്ട് പ്രദേശങ്ങളും ഈ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുകയും പ്രകൃതിയുമായി പൊരുത്തപ്പെടാൻ മറ്റ് മാർഗങ്ങൾ തേടുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത യുനെസ്കോയുടെ പുതിയ പഠനം എടുത്തുകാണിക്കുന്നു. പ്രതിവർഷം ഏകദേശം 58 ബില്യൺ ടൺ ഐസ് ആണ് ഉരുകുന്നത്. ആഗോള സമുദ്രനിരപ്പിന്‍റെ 5 ശതമാനം സംഭാവന ചെയ്യുന്നത് മഞ്ഞുരുകൽ ആണ്.