മേളയിലെ കാണാജീവിതങ്ങൾ

എൻറെ കേരളം മേളയെ ജീവിതത്തിൻറെ ഭാഗമായി കാണുന്ന ഒരു വിഭാഗം ഉണ്ട്... കണ്ടും അറിഞ്ഞും പലതും വാങ്ങിയും കടന്നു പോകാനുള്ള വെറും ഇടമല്ല അവർക്ക് ഈ പ്രദർശനം. പരമ്പരാഗത ഈറ്റ തൊഴിലാളിയായ ചന്ദ്രൻ മാസങ്ങളായി എൻ്റെ കേരളം മേളയെ കാത്തിരിക്കുകയായിരുന്നു. പ്ലാസ്റ്റിക്കും അനുബന്ധ സാധനങ്ങളും വിപണി കീഴടക്കിയപ്പോൾ ഭാവി ചോദ്യചിഹ്നമായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ് ചന്ദ്രൻ. എന്നാൽ മേള ചന്ദ്രന് ആശ്വാസമാണ്. പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിലിന് മികച്ച സ്വീകാര്യതയും മികച്ച വരുമാനവും കിട്ടുന്ന മറ്റൊരു ഇടവും ചന്ദ്രന് കാണിച്ചുതരാനില്ല.

വടക്കാഞ്ചേരി ഷെഡ്യൂൾഡ് കാസ്റ്റ് തൊഴിലാളി സഹകരണ സംഘം അംഗമാണ് ചന്ദ്രൻ. 40 വർഷത്തിലേറെയായി ചന്ദ്രൻ ഈറ്റ തൊഴിലാളിയാണ്. ഈറ്റ തൊഴിൽ മേഖലയിലെ നിരവധിയായ പ്രതിസന്ധികളെ തരണം ചെയ്തു ഇന്നും തൊഴിലിൽ പിടിച്ചു നിൽക്കുന്ന വ്യക്തി കൂടിയാണ് ചന്ദ്രൻ.

സംഘത്തിൽ നിർമ്മിച്ച എത്തിച്ചിരിക്കുന്ന ഈറ്റ ഉൽപ്പന്നങ്ങളാണ് മേളയിൽ ഉള്ളത്. 50രൂപ മുതൽ 650 രൂപ വരെ മൂല്യമുള്ള ഉൽപ്പനങ്ങളാണ് ഇവിടെയുള്ളത്. അലങ്കാരത്തിനായും വേസ്റ്റ് ബിന്നായും ഉപയോഗിക്കാവുന്ന കുട്ടകൾ, പഴം-പച്ചക്കറി ബോക്സുകൾ, ചപ്പാത്തി കണ്ടെയ്നർ, പെൻ ഹോൾഡർ, കൈലി കൊട്ട, അലങ്കാരവിളക്കുകൾ, വളകളുടെ സ്റ്റാൻഡ്, പൂ കുട്ട, ഓടക്കുഴൽ, മുറം, ചട്ടുകം, മിട്ടായി ബോക്സ്.... എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ഈറ്റ ഉൽപ്പന്നങ്ങൾ ഇവിടെ ലഭിക്കും. പ്രകൃതിയോട് ഇണങ്ങാൻ കൊതിക്കുന്ന തലമുറയ്ക്ക് മുതൽക്കൂട്ടാവുന്ന ഒരിടം കൂടിയാണ് മേളയിലെ ഈ സ്റ്റാൾ.

Related Posts