മാസ്ക് ധരിക്കാതെ കങ്കണ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
പ്രമുഖ ബോളിവുഡ് താരം കങ്കണ റണൗതിൻ്റെ ഒരു വീഡിയോയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പുതുവർഷത്തലേന്ന് യാത്ര ചെയ്യാൻ എയർപോർട്ടിൽ എത്തിയ താരം മാസ്ക് ധരിക്കാതിരുന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
പുതുവർഷം ആഘോഷിക്കാനാണ് താരം മുംബൈയ്ക്ക് പുറത്തേക്ക് പോകുന്നതെന്നാണ് വിവരം. കാറിലാണ് കങ്കണ എയർപോർട്ടിൽ എത്തുന്നത്. കാറിൽ നിന്നും പുറത്തേക്കിറങ്ങിയ കങ്കണയുടെ മുഖത്ത് മാസ്ക് ഉണ്ടായിരുന്നില്ല. മാധ്യമ പ്രവർത്തകർ ചുറ്റും കൂടുമ്പോൾ അവർക്കായി താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്.
വീഡിയോ വൈറലായതോടെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തുവന്നു. രാജ്യം മുഴുവൻ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമ്പോൾ കങ്കണയ്ക്കു മാത്രമായി മറ്റൊരു നിയമമുണ്ടോ എന്നാണ് വിമർശകർ ചോദിക്കുന്നത്.