നഴ്സറിക്കുട്ടിയുമായി കുശലം പറയുന്ന ഒബാമയുടെ വീഡിയോ വൈറലായി
അമേരിക്കയുടെ മുൻ പ്രസിഡണ്ട് ബരാക്ക് ഒബാമയ്ക്ക് സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ജോ ബൈഡൻ്റെ മുൻഗാമി ഡൊണാൾഡ് ട്രമ്പിനോടുള്ളതുപോലെ കാര്യമായ വിദ്വേഷമോ അപ്രീതിയോ ഒബാമയോട് വെച്ചു പുലർത്താത്തവരാണ് ബഹുഭൂരിപക്ഷവും. ജനകീയനായ ജെൻ്റിൽമാൻ എന്ന പരിവേഷമാണ് പൊതുവെ ഒബാമയ്ക്ക് കൽപിക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ട്വീറ്റുകൾക്കെല്ലാം മിക്കപ്പോഴും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഒബാമ ഷെയർ ചെയ്ത ഒരു വീഡിയോ ജനലക്ഷങ്ങളെ ആകർഷിച്ചു. വാഷിങ്ടണിലെ കിംബാൾ എലിമെൻ്ററി സ്കൂളിലെ വാക്സിനേഷൻ സെൻ്റർ സന്ദർശിക്കുന്നതിനിടയിൽ കണ്ടുമുട്ടുന്ന ഒരു കൊച്ചു പെൺകുട്ടിയുമായി മുൻ പ്രസിഡൻ്റ് നടത്തുന്ന കുശലാന്വേഷണമാണ് വീഡിയോയിൽ ഉള്ളത്. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തെപ്പറ്റി പ്രസിഡണ്ട് ചോദിക്കുമ്പോൾ ഡോ. സോയ്സിൻ്റെ ഗ്രീൻ എഗ്സ് ആൻ്റ് ഹാം ആണെന്ന് പെൺകുട്ടി പറയുന്നു. അപ്പോൾ വിസ്മയത്തോടെ, തൻ്റെയും ഫേവറിറ്റ് പുസ്തകങ്ങളിൽ ഒന്നാണ് അതെന്ന് പ്രസിഡണ്ട് വെളിപ്പെടുത്തുന്നു.
മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പ്രസിഡണ്ടിൻ്റെ കുഞ്ഞിനോടുള്ള ഇടപെടലും അവർക്കിടയിലെ രസകരമായ സംഭാഷണവും ഒബാമ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.