എ എ റഹിം സിപിഎം രാജ്യസഭ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. യുവപ്രാതിനിധ്യവും ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.
കേരളത്തില്‍ നിന്നും മൂന്നു പേരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍, സി പി എമ്മിലെ കെ സോമപ്രസാദ് എന്നിവരാണ് ഒഴിയുന്നത്.
സി പി എം സംസ്ഥാന സമിതി അംഗമാണ് റഹിം. ഇക്കഴിഞ്ഞ സി പി എം സംസ്ഥാന സമ്മേളനത്തിലാണ് റഹിമിനെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത്. നേരത്തെ 2006 ല്‍ എ എ റഹിം വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതിന് ശേഷം റഹിം സംഘടനാ രംഗത്തു പ്രവര്‍ത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ.
എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്, മുന്‍ ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടാമത്തെ സീറ്റില്‍ പി സന്തോഷ്കുമാറിനെ സി പി ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.