10 വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കണം; നിർദേശവുമായി യുഐഡിഎഐ
ഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ. പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങളാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം പേരും ഇന്ന് ആധാർ കാർഡ് ഉടമകളാണ്. ഇപ്പോളിതാ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനായോ ആധാർ കേന്ദ്രങ്ങളിലൂടെയോ നടത്താമെന്ന് യുഐഡിഎഐ അറിയിച്ചു. അതേസമയം ഈ പുതുക്കൽ നിർബന്ധമാണോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല. തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് പോലെ, ഓരോ 10 വർഷത്തിലും ആധാർ പുതുക്കണം. വ്യക്തിഗത വിശദാംശങ്ങൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ഓരോ 10 വർഷത്തിലും അപ്ഡേറ്റ് ചെയ്യണം. ഈ അപ്ഡേറ്റ് ഒരു പുതിയ ആധാർ എടുക്കുന്നതിന് സമാനമാണ്. ഒരു വ്യക്തിക്ക് അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്നോ ഓൺലൈനായോ പുതുക്കൽ നടത്താം.