ആദൂർ പട്ടികജാതി കോളനി റോഡ് തുറന്നു

തൃക്കൂർ:

തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ആദൂർ പട്ടികജാതി കോളനി റോഡ് കോൺക്രീറ്റിങ് പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിച്ചു. റോഡിൻ്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് എം ആർ രഞ്ജിത് നിർവഹിച്ചു. തൃക്കൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ മോഹനൻ തൊഴുക്കാട്ട് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ എസ് സി പദ്ധതി വിഹിതമായ 4,10,592 രൂപ വിനിയോഗിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. വെള്ളക്കെട്ടും ചളിയും മൂലം മലീമസമായ ചെമ്മൺ പാതയാണ് കോൺക്രീറ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിലെ 7 കുടുംബങ്ങൾക്കാണ് ഏറെ നാളത്തെ ദുരിതത്തിൽ നിന്നും മോചനം ലഭിച്ചത്. കോളനികളിലേക്ക് വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണ് ഇതെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് എം ആർ രഞ്ജിത് പറഞ്ഞു.

കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ഷീല ജോർജ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അൽജോ പുളിക്കൻ, ബ്ലോക്ക് ഭരണ സമിതി അംഗങ്ങളായ വിനി ഡെന്നി, പോൾസൺ തെക്കുംപീടിക, വാർഡ് മെമ്പർ സലീഷ് ചെമ്പാറ, ബ്ലോക്ക് സെക്രട്ടറി പി ആർ അജയഘോഷ്,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആൻ്റണി വട്ടോളി തുടങ്ങിയവർ പങ്കെടുത്തു.

Related Posts