വിദ്യാ ബാലനെ 'മുഖ്യമന്ത്രി കസേര'യായി ചിത്രീകരിക്കുന്ന ആം ആദ്മി വീഡിയോ വിവാദത്തിൽ

പ്രശസ്ത അഭിനേത്രിയും പത്മശ്രീ ജേതാവുമായ വിദ്യാ ബാലനെ 'മുഖ്യമന്ത്രി കസേര'യായി ചിത്രീകരിക്കുന്ന ആം ആദ്മി പാർടിയുടെ സ്പൂഫ് വീഡിയോ വിവാദത്തിൽ. ഭഗവന്ത് സിങ്ങ് മന്നിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചു കൊണ്ടുള്ള പാർടിയുടെ വീഡിയോ ആണ് വ്യാപകമായ വിമർശനത്തിന് വിധേയമായത്.

2007-ൽ പുറത്തിറങ്ങിയ 'ഹേ ബേബി' എന്ന ചിത്രത്തിലെ ''ദിൽ ദാ മാമ് ല" എന്ന ഹിറ്റ് ഗാനരംഗമാണ് സ്പൂഫ് വീഡിയോക്കായി ഉപയോഗിച്ചത്. അക്ഷയ് കുമാർ, റിതീഷ് ദേശ്മുഖ്, ഷാരൂഖ് ഖാൻ, അനുപം ഖേർ, ബോമൻ ഇറാനി എന്നീ പുരുഷ താരങ്ങളും വിദ്യാ ബാലനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

അക്ഷയ് കുമാറിൻ്റെ മുഖം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നിയുടേതും റിതീഷ് ദേശ്മുഖിൻ്റേത് പഞ്ചാബ് പി സി സി പ്രസിഡണ്ട് നവ്ജോത് സിങ്ങിൻ്റേതും ഷാരൂഖ് ഖാൻ്റേത് ഭഗവന്ത് സിങ്ങ് മന്നിൻ്റേതുമാക്കി കാണിക്കുന്ന വീഡിയോയിൽ വിദ്യ ബാലനെ മുഖ്യമന്ത്രി കസേരയായാണ് ചിത്രീകരിക്കുന്നത്. കസേരയ്ക്കു വേണ്ടിയുള്ള മത്സരത്തിൽ ഭഗവന്ത് മൻ വിജയിക്കുന്ന മട്ടിലാണ് വീഡിയോ. അനുപം ഖേറിനെ രാഹുൽ ഗാന്ധിയുടെ രൂപത്തിലും ബോമൻ ഇറാനിയെ അരവിന്ദ് കേജ്രിവാളിൻ്റെ രൂപത്തിലും വീഡിയോയിൽ കാണാം.

ഗാനരംഗത്ത് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനെപ്പോലെ ഭഗവന്ത് മൻ പഞ്ചാബ് തിരഞ്ഞെടുപ്പിലെ സർപ്രൈസ് എൻട്രിയാണെന്നും വിദ്യാ ബാലൻ എന്ന മുഖ്യമന്ത്രിക്കസേര ആ സർപ്രൈസ് സ്ഥാനാർഥി സ്വന്തമാക്കുമെന്നുമുള്ള ഗാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് എ എ പി വീഡിയോ തയ്യാറാക്കിയത്.

എന്നാൽ പുരുഷന്മാരെ വലിയ ഹീറോകളായി ആരാധിക്കുന്ന തരത്തിലുള്ള വീഡിയോ, അതിലെ ഏക സ്ത്രീയെ കേവലം ഒരു 'വസ്തു' വാക്കി അധിക്ഷേപിച്ചെന്ന് പഞ്ചാബ് കോൺഗ്രസ് കുറ്റപ്പെടുത്തി. സ്ത്രീകളോടുള്ള ആം ആദ്മി പാർടിയുടെ സമീപനമാണ് വീഡിയോയിലൂടെ വെളിവായതെന്ന് പാർടി ട്വീറ്റ് ചെയ്തു. നിരവധി പേർ വീഡിയോക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Posts