മാസ്ക് മാറ്റി നരച്ച താടി കാണിച്ച് ആമിർഖാൻ, നൈസ് ലുക്കെന്ന് പാപ്പരാസികൾ
ബസ് കട്ടും വെളുത്ത താടിയുമായി പുതിയ ലുക്കിൽ ബോളിവുഡ് സൂപ്പർതാരം ആമിർഖാൻ. മുംബൈയിലെ പാപ്പരാസികൾക്കു മുന്നിലാണ് ഗ്രാഫിക് ടിഷർട്ടും കോറൽ കളർ ഷോർട്സും ധരിച്ചെത്തിയ സൂപ്പർതാരം മാസ്ക് ഊരിമാറ്റി തൻ്റെ നരച്ച താടി പ്രദർശിപ്പിച്ചത്.
ഇൻ്റർനെറ്റിൽ വൈറലായ വീഡിയോയിൽ ആമിർ പാപ്പരാസികൾക്ക് തംസ്-അപ്പ് സൈൻ നൽകുന്നത് കാണാം. തുടർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി മാസ്ക് അഴിച്ചുമാറ്റുന്നുണ്ട്. "നൈസ് ലുക്ക്, സർ" എന്ന് ഫോട്ടോഗ്രാഫർമാർ പറയുമ്പോൾ പുഞ്ചിരിയോടെ അവരെ നോക്കി കൈ വീശി കാണിച്ചുകൊണ്ടാണ് താരം കാറിലേക്ക് കയറുന്നത്.
ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിക്കൊടുത്ത 'ഫോറസ്റ്റ് ഗമ്പ് ' എന്ന ഹോളിവുഡ് ചിത്രത്തിൻ്റെ റീമേക്കായ 'ലാൽ സിങ്ങ് ഛദ്ദ'യാണ് ആമിർഖാൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വ്യത്യസ്തങ്ങളായ നിരവധി ലുക്കുകളിലാണ് ചിത്രത്തിൽ ആമിർ പ്രത്യക്ഷപ്പെടുന്നത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂർ, മോന സിങ്ങ് തുടങ്ങിയവരും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. തെലുഗ് നടൻ നാഗചൈതന്യയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ്. ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അടുത്തവർഷം ഫെബ്രുവരി 14-ലെ വാലൻ്റൈൻ ദിനത്തിലാവും ചിത്രം പുറത്തിറങ്ങുക എന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.