കേരള പൊലീസിൽ ആർ എസ് എസ് ഗ്യാങ്ങ്, ദേശീയ തലത്തിൽ പോലും നാണക്കേടുണ്ടാക്കുന്നു; രൂക്ഷ വിമർശനവുമായി ആനി രാജ
കേരള പൊലീസിൽ ആർ എസ് എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നു എന്ന ഗുരുതര ആരോപണവുമായി സി പി ഐ നേതാവ് ആനിരാജ. സർക്കാർ നയത്തിന് അനുസരിച്ചല്ല പൊലീസ് പ്രവർത്തിക്കുന്നതെന്നും സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ പൊലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്നും ആനി രാജ കുറ്റപ്പെടുത്തി.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ കാര്യത്തിൽ കാര്യക്ഷമമായ പ്രവർത്തനമാണ് പിണറായി സർക്കാർ കാഴ്ചവെയ്ക്കുന്നത്. ഒന്നാം പിണറായി സർക്കാരിനെപ്പോലെ രണ്ടാം പിണറായി സർക്കാരും മികച്ച പ്രവർത്തനമാണ് കാഴ്ച വെയ്ക്കുന്നത്. എന്നാൽ സർക്കാരിൻ്റെ നയങ്ങൾക്കനുസരിച്ചല്ല പൊലീസിൽ ഒരു വിഭാഗത്തിൻ്റെ പ്രവർത്തനം. സർക്കാരിൻ്റെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്താനാണ് ചിലർ ശ്രമിക്കുന്നത്. ദേശീയ തലത്തിൽ തന്നെ സർക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
കേരള പൊലീസിൽ ആർ എസ് എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നതായ ആനി രാജയുടെ ആരോപണം സർക്കാർ അതീവ ഗൗരവത്തോടെ കണക്കിലെടുക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.