ഇ ഡി യുടെ '"പ്രണയ ലേഖനം" തങ്ങൾക്കും കിട്ടിയെന്ന് എ എ പി
നരേന്ദ്രമോദി സർക്കാരിൻ്റെ പ്രിയപ്പെട്ട ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററേറ്റിൽനിന്ന് ആദ്യമായി തങ്ങൾക്കും ഒരു "ലവ് ലെറ്റർ" കിട്ടിയെന്ന് ആം ആദ്മി പാർട്ടി. ട്വിറ്ററിലൂടെയാണ് എ എ പി നേതാവ് രാഘവ് ഛദ്ദ ആക്ഷേപ ഹാസ്യ രൂപത്തിൽ ഇ ഡി നോട്ടീസിനെ അവതരിപ്പിച്ചത്. ഡൽഹിയിലെ എ എ പി ആസ്ഥാനത്ത് ഉച്ചയ്ക്ക് നടത്തുന്ന പത്ര സമ്മേളനത്തിൽ രാഷ്ട്രീയമായ പക പോക്കാൻ ശ്രമിക്കുന്ന ബി ജെ പി യെ തുറന്നു കാണിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഇ ഡി നോട്ടീസിനെ "ലവ് ലെറ്റർ" എന്ന് ആദ്യമായി പരിഹാസ രൂപേണ വിശേഷിപ്പിച്ചത് ശിവസേനയാണ്.
രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവർക്കെതിരെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് വേട്ട നടത്തുകയാണ് നരേന്ദ്രമോദി സർക്കാർ എന്ന് ആരോപിച്ച സേനാ നേതാവ് സഞ്ജയ് റൗത്തിൻ്റെ ലവ് ലെറ്റർ പ്രയോഗം കഴിഞ്ഞ മാസം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മഹാ വികാസ് അഖാഡിയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇ ഡി നോട്ടീസുകൾ എന്നും തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമായി ഇത്തരം ലവ് ലെറ്ററുകൾ അടിക്കടി വരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഒന്നുകിൽ ഇ ഡി ഓഫീസിൽ ഡസ്ക് ഓഫീസറായി ബി ജെ പി ക്കാരൻ ഉണ്ടാവും, അല്ലെങ്കിൽ ബി ജെ പി ഓഫീസിൽ ഇ ഡി ഓഫീസർ പണിയെടുക്കുന്നുണ്ടാകും എന്നായിരുന്നു രാജ്യസഭാ എം പി യുടെ ആരോപണം.
രാഷ്ട്രീയമായ പ്രതികാരം തീർക്കാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, എൻ സി പി നേതാവ് ശരത് പവാർ തുടങ്ങിയവരും സമാനമായ ആരോപണങ്ങൾ നേരത്തേ ഉന്നയിച്ചിട്ടുണ്ട്.