കിയ കാരൻസ്; 24 മണിക്കൂറിനുള്ളിൽ വിറ്റത് 7,738 യൂണിറ്റുകൾ
ബുക്കിങ്ങ് തുടങ്ങി 24 മണിക്കൂറിനകം എണ്ണായിരത്തോളം യൂണിറ്റ് വിറ്റഴിച്ച് കിയ കാരൻസ്. ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന വാഹനത്തിൻ്റെ പ്രീ ബുക്കിങ്ങിലാണ് കമ്പനി വമ്പിച്ച നേട്ടം കരസ്ഥമാക്കിയത്.
തെക്കൻ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയെ തങ്ങളുടെ പ്രധാനപ്പെട്ട വിപണികളിൽ ഒന്നായാണ് കണക്കാക്കുന്നത്. രാജ്യത്ത് കിയ അവതരിപ്പിക്കുന്ന നാലാമത് മോഡലാണ് കാരൻസ്. സെൽറ്റോസ്, കാർണിവൽ, സോണറ്റ് എന്നീ മോഡലുകൾ നേരത്തേ അവതരിപ്പിച്ചിരുന്നു.
25,000 രൂപയാണ് പ്രീ ബുക്കിങ്ങ് തുകയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയൻ്റുകളിൽ കാരൻസ് ലഭ്യമാകുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. രണ്ട് പെട്രോളും ഒരു ഡീസലും ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും അവതരിപ്പിക്കുന്നുണ്ട്.
20 ലക്ഷം രൂപയിൽ താഴെയുള്ള മൂന്ന് നിരകളുള്ള വാഹന വിപണിയിൽ കാരൻസിൻ്റെ പ്രധാന എതിരാളികൾ ഹ്യൂണ്ടായ് അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര എക്സ് യു വി 700 എന്നിവയാണ്.