രാജ്യം കാത്തിരുന്ന സന്തോഷ വാർത്ത; കോവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന് ലാൻസെറ്റ് പഠന റിപ്പോർട്ട്
കൊവിഡ് വൈറസിനെതിരെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന് ലാൻസെറ്റ്. ദീർഘനാളായി രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന മെഡിക്കൽ ജേണലാണ് ലാൻസെറ്റ്. ഇതോടെ കോവാക്സിനുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും കെട്ടടങ്ങുകയാണ്.
പരമ്പരാഗതമായ, ഇനാക്റ്റിവേറ്റഡ് വൈറസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കോവാക്സിൻ രണ്ടു ഡോസെടുത്ത് രണ്ടാഴ്ച കഴിയുമ്പോൾ ശരീരത്തിൽ കാര്യക്ഷമമായ ആൻ്റിബോഡികൾ ഉത്പാദിപ്പിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020 നവംബറിനും 2021 മെയ്ക്കും ഇടയിൽ നടന്ന മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളാണ് ലാൻസെറ്റ് പിയർ റിവ്യൂ പഠനത്തിനായി പരിഗണിച്ചത്. 18-നും 97-നും ഇടയിൽ പ്രായമുള്ള 24,419 പേർ പരീക്ഷണത്തിൽ പങ്കാളികളായി. ഗുരുതരമായ പാർശ്വഫലങ്ങളോ മരണമോ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
നേരത്തേ, വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പുറത്തുവിട്ട പഠനഫലങ്ങളെ പൂർണമായും സ്ഥിരീകരിക്കുന്നതാണ് ലാൻസെറ്റിൻ്റെ റിപ്പോർട്ട്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ ലാൻസെറ്റ് പോലുള്ള അന്താരാഷ്ട്ര ജേണലുകൾ അംഗീകരിക്കുന്നതിന് മുമ്പായി വാക്സിന് രാജ്യം അടിയന്തര ഉപയോഗ അനുമതി നൽകിയത് ഒട്ടേറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ആദ്യനാളുകളിൽ കോവാക്സിൻ എടുക്കാൻ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ വിസമ്മതം പ്രകടിപ്പിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. എന്തായാലും ലാൻസെറ്റിൻ്റെ അംഗീകാരത്തോടെ എല്ലാ വിവാദങ്ങൾക്കും അറുതിയാവുകയാണ്. ഇതിനോടകം 100 മില്യൺ ഡോസ് കോവാക്സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പാണ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്.