എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം
കൊച്ചി: എറണാകുളം സബ് കോടതിയിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിയ്യൂർ ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതി തൻസീറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2020 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. വൈപ്പിൻ സ്വദേശിയായ തൻസീർ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വിചാരണയ്ക്കായാണ് തൻസീറിനെ കോടതിയിൽ ഹാജരാക്കിയത്. വരാന്തയിൽ നിന്ന് കോടതിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഇയാൾ ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ വായ്ക്കുള്ളിൽ ബ്ലേഡ് വെച്ചിരുന്നെന്നാണ് പൊലീസ് കരുതുന്നത്. തൻസീറിനെ കാണാൻ ചിലർ കോടതി വളപ്പിൽ എത്തിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയില്ല. ഇതിൽ പ്രകോപിതനായാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.