ആറുവയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ റെയിവേപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
![](/media/images/WhatsApp_Image_2021-09-16_at_1.05.03_PM_1.width-1000.jpg)
ഹൈദരാബാദ്: ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30) വിനെയാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയിൽ കാണപ്പെട്ടത്. ഖാൻപൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഉള്ള റയിൽവേ പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പോലീസിൻ്റെ വിശദീകരണം. മൃതദേഹം രാജുവിൻ്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു. .
സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദ് സ്വദേശിയായ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തെരച്ചിലിനൊടുവിൽ മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിൻ്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിൻ്റെ റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് പോലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിൽ ആണ് പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്.