വാതിൽ തുറന്നിട്ടു സർവീസ്; കൊച്ചിയിലെ 36 സ്വകാര്യ ബസുകൾക്കെതിരെ നടപടി
കാക്കനാട്: വാതിൽ തുറന്ന് സർവീസ് നടത്തിയ 36 സ്വകാര്യ ബസുകൾ കൊച്ചിയിൽ പിടിയിൽ. ആലുവ റൂട്ടിലെ രണ്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. പിടിച്ചെടുത്ത ബസുകളുടെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ബസുകൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസം തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. പിടിച്ചെടുത്ത എല്ലാ ബസുകളിലും വാതിലുകൾ ഘടിപ്പിച്ചിരുന്നെങ്കിലും അവ തുറന്ന് ഇട്ട് സർവീസ് നടത്തുകയായിരുന്നു. ചില ബസുകളിലെ വാതിൽ പാളി മനപ്പൂർവ്വം തകർത്തതായും കണ്ടെത്തിയതായി ആർടിഒ പി എം ഷബീർ പറഞ്ഞു. വാതിൽപ്പടി കെട്ടി വെക്കുന്ന കുറ്റത്തിന് ഒന്നിലധികം തവണ പിടിക്കപ്പെട്ടാൽ ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. ചില ബസുകളിൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. യാത്രക്കാരുടെ സുരക്ഷയിൽ ഡ്രൈവർക്കും കണ്ടക്ടർക്കും തുല്യ ഉത്തരവാദിത്തമുള്ളതിനാൽ പിടിച്ചെടുത്ത ബസുകളിലെ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.