മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ പൂട്ടിയാൽ സമൂഹമാധ്യമങ്ങള്‍ക്ക് എതിരെ നടപടിയെടുക്കും; കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം എന്ന് കേന്ദ്ര സർക്കാർ. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകൾ പൂട്ടിയാൽ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. സമൂഹമാധ്യമങ്ങൾ തങ്ങളുടെ അക്കൗണ്ടുകൾ പൂട്ടിയതുമായി ബന്ധപ്പെട്ട് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം കോടതിയിൽ നിലപാട് അറിയിച്ചത്.
യാതൊരു അറിയിപ്പും ഇല്ലാതെ അക്കൗണ്ട് റദ്ദാക്കുന്നത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഒരാളുടെ അക്കൗണ്ടിൽ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാനുള്ള അവകാശം മാത്രമാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉള്ളത്. അതിന്റെ പേരിൽ അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. എന്നാൽ ഒരാളുടെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കിൽ, അക്കൗണ്ട് താൽക്കാലികമായി നിർത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള മൗലികാവകാശങ്ങളെ തടഞ്ഞാൽ അതിന് സമൂഹമാധ്യമങ്ങളെ ഉത്തരവാദിയായി കാണേണ്ടി വരും. സാങ്കേതിക വളർച്ചയുടെ പേരിൽ ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് തടസം വരാൻ പാടില്ല. അത് ജനാധിപത്യ രാഷ്ട്രത്തിന് തന്നെ വലിയ പ്രത്യാഘാതമാവും. കമ്പനി ഏകപക്ഷീയമായി നടപടിയെടുത്താൽ സമൂഹമാധ്യമത്തിനെതിരെ നിയമപരമായി നീങ്ങാൻ ഉപയോക്താവിന് അവസരമുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി.
ഒരാളുടെ സമൂഹ മാധ്യമ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കൾക്ക് കമ്പനി മുൻകൂർ നോട്ടീസ് നൽകണം. അതേസമയം കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പനിക്ക് ഉപയോക്താവിനെ തടയാൻ കഴിയുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.