മീശ പിരിച്ച് ജയറാം; പൊളിച്ചടക്കിയെന്ന് ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. വൈവിധ്യമാർന്ന നൂറു കണക്കിന് കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് മികവ് തെളിയിച്ച അതുല്യ പ്രതിഭ. മിമിക്രിയിലൂടെ കലാരംഗത്തെത്തി കൊച്ചിൻ കലാഭവൻ്റെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ നടൻ അഭിനയ രംഗത്ത് ചുവടുവെയ്ക്കുന്നത് പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ്. പ്രശസ്ത അഭിനേത്രി പാർവതിയാണ് ജയറാമിൻ്റെ ഭാര്യ. രാജ്യം പത്മശ്രീ നൽകി ആദരിച്ച താരത്തിൻ്റെ മകൻ കാളിദാസും അഭിനയ രംഗത്ത് സജീവമാണ്. മകൾ മാളവിക പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമകളുടെ വിശേഷങ്ങളും കുടുംബ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും താരം സജീവമാണ്. വൈബിനൊപ്പം എന്ന അടിക്കുറിപ്പോടെ താരം അൽപ്പം മുമ്പ് പങ്കുവെച്ച ഫോട്ടോ ഏറെ ശ്രദ്ധേയമാണ്. താടിവെച്ച്, മീശ പിരിച്ച് അധികം പരിചിതമല്ലാത്ത രൂപത്തിലും ഭാവത്തിലുമുള്ള ഫോട്ടോയാണ് ജയറാം പങ്കുവെച്ചത്.
താരത്തിൻ്റെ മാസ് കൂൾ ലുക്കിനെ അഭിനന്ദിക്കുകയാണ് ആരാധകർ. കാളിദാസ് ഒന്ന് ജീവിച്ചു പൊക്കോട്ടെ എന്നാണ് ഒരാൾ പ്രതികരിക്കുന്നത്. അണ്ണൻ ഒരേ പൊളിയെന്നും കൊമ്പൻ മീശ കൊള്ളാമെന്നും ചിലർ പറയുന്നു.