ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം, കോളെജ് കാലത്തെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ജയസൂര്യ
പഴയകാല ഓർമകൾ പ്രേക്ഷകരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയസൂര്യ. കോളെജ് കാലത്തെ ചിത്രങ്ങളാണ് നടൻ ആരാധകർക്കായി ഷെയർ ചെയ്തത്. ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം എന്ന രസകരമായ ക്യാപ്ഷനാണ് ഫോട്ടോകൾക്ക് നൽകിയിരിക്കുന്നത്.
ക്ലാസ്സിൽ കൂട്ടുകാർക്ക് ഒപ്പം ഇരിക്കുന്നതും കോളെജിൽനിന്ന് ടൂറ് പോയപ്പോൾ എടുത്തതുമായ ചിത്രങ്ങളാണ് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. തുണി വിരിച്ചിട്ട് കൈ മലർത്തിയിരിക്കുന്ന ചിത്രത്തിന് തമാശ നിറഞ്ഞ ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്തെങ്കിലും തരണേ, അമ്മാ തുടങ്ങിയ രസകരമായ കമന്റുകൾ കാണാം. കോളെജിൽ പഠിക്കുന്ന കാലത്ത് ആളൊരു ജഗജില്ലിയായിരുന്നു എന്ന് ഫോട്ടോകൾ കണ്ടാൽത്തന്നെ അറിയാമെന്ന് ചിലർ പ്രതികരിക്കുന്നു. ലാൽ ജോസിന്റെ 'ക്ലാസ്മേറ്റ്സ് ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച സതീശൻ കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്നവരെയും കാണാം.