വിഷപ്പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ'. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം നാളെ മുതൽ സൗജന്യ പരിശോധന ആരംഭിക്കും. മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ള മെഡിക്കൽ യൂണിറ്റ് പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് പര്യടനം നടത്തുക. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മെഡിക്കൽ സംഘം പരിശോധന നടത്തും. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ നഗരസഭയിലെ വടക്കേ ഇരുമ്പനം മേഖലയിലും പരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളുള്ള വാഹനം വീടുകൾക്ക് സമീപം എത്തും. വാഹനത്തിൽ ഡോക്ടറും നഴ്സും ഉണ്ടാകും. ആവശ്യക്കാർക്ക് മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും സൗജന്യമായി നൽകും. ഡോ. ബിജു രാഘവന്‍റെ നേതൃത്വത്തിലാണ് മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുക. ഇവയിൽ നിന്ന് ലഭിക്കുന്ന പരിശോധനാ വിവരങ്ങൾ വിലയിരുത്താൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തെൽ, ശ്വാസകോശ വിഭാഗം ഡോ. വി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.