നടൻ റിസബാവ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സിനിമ -സീരിയൽ താരം റിസബാവ (54) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രേദ്ധേയനായ റിസബാവ നാടകരംഗത്തു നിന്നാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. 120 ലേറെ ശ്രേദ്ധേയമായ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടി. സ്വഭാവ നടനായും ഡബ്ബിങ് ആർട്ടിസ്റ്റായും ശ്രദ്ധേയനായിരുന്നു. 2010 ൽ കർമ്മയോഗിയിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു റിസബാവയുടെ വിദ്യാഭ്യാസം. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്ക്കെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാൽ റിസബാവ ശ്രദ്ധിയ്ക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related Posts