ശവസംസ്കാര ചടങ്ങിൽ ദുആ ചൊല്ലി ഷാരൂഖ് ഖാൻ; അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററിൽ വാക്പോര്
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് രാഷ്ട്രം വികാരനിർഭരമായ യാത്രയയപ്പ് നൽകുമ്പോൾ ദുആ ചൊല്ലുന്ന നടൻ ഷാരൂഖ് ഖാൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ദുആ ദൃശ്യങ്ങൾ വിവാദങ്ങൾക്കും വഴിവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ശവസംസ്‌കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജർ പൂജ ദദ്‌ലാനിയും ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. ഷാരൂഖ് കൈകൾ ഉയർത്തി ദുആ ചെയ്യുന്നതും ദദ്‌ലാനി കൈകൾ ചേർത്തു പിടിച്ച് പ്രണാമം അർപ്പിക്കുന്നതും കാണാം.
ഇന്ത്യയുടെ വൈവിധ്യത്തെ മനോഹരമായി പകർത്തിയ ഫ്രെയിം എന്നാണ് മിക്കവരും ഇതിനെ അഭിനന്ദിച്ചത്. രാഷ്ട്രീയക്കാർ മുതൽ എഴുത്തുകാർ വരെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ ഷാരൂഖിൻ്റെ ഊഷ്മളമായ രീതിയെ അഭിനന്ദിച്ചു.
എന്നാൽ, ഹരിയാനയിലെ ബിജെപി നേതാവിന്റെ ട്വീറ്റ് വലിയ വിവാദമായി. ഐടി സെല്ലിന്റെ സംസ്ഥാന ചുമതലയുള്ള അരുൺ യാദവ് ആണ് ഖാൻ ദുആ ചൊല്ലുന്നതും മാസ്ക് അഴിച്ചുമാറ്റി ഊതുന്നതുമായ ക്ലിപ്പ് ട്വീറ്റ് ചെയ്തത്. ഊതുന്നതിനെ യാദവ് പ്രചരിപ്പിച്ചത് തുപ്പുന്നതായാണ്. ശവസംസ്‌കാര ചടങ്ങിൽ ഖാൻ അനാദരവ് കാട്ടിയതായി അദ്ദേഹം ആരോപിച്ചു. നടനെതിരെയുള്ള സോഷ്യൽ മീഡിയാ ആക്രമണത്തിനാണ് പ്രസ്തുത ട്വീറ്റ് തുടക്കമിട്ടത്.