ഇന്ദ്രൻസ് ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കണം; 'ഹോം' കണ്ട് പ്രമുഖ നടൻ സിദ്ധാർത്ഥ്
'ബോയ്സ് ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് സിദ്ധാർത്ഥ്. തമിഴ്, തെലുഗ്, ഹിന്ദി സിനിമകളിൽ സജീവമായ സിദ്ധാർത്ഥിൻ്റെ സോഷ്യൽ മീഡിയാ ഇടപെടലുകൾ മാധ്യമങ്ങളിൽ ഇടയ്ക്കിടെ ചർച്ചയാവാറുണ്ട്.
അൽപ്പം മുമ്പ് സിദ്ധാർത്ഥിട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ 'ഹോം' എന്ന സിനിമ കണ്ടതിനുശേഷം സിദ്ധാർത്ഥ് കുറിച്ച വാചകങ്ങൾ മലയാളികളെ ഒന്നടങ്കം സന്തോഷിപ്പിക്കുന്നതാണ്.
"ഹോം എന്ന സിനിമ കണ്ടു. വളരെയേറെ ഇഷ്ടമായി. എൻ്റെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് ഇന്ദ്രൻസ് ചേട്ടൻ. ഈ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാനാണ് തോന്നുന്നത്. ദൈവത്തിന് നന്ദി. എങ്ങനെ അഭിനയിക്കണമെന്നും അർത്ഥവത്തായ സിനിമയെടുക്കണമെന്നും അറിയാവുന്ന മുതിർന്ന നടന്മാർ നമുക്കിപ്പോഴും ഉണ്ട്," എന്നാണ് സിദ്ധാർത്ഥ് ഇൻസ്റ്റയിൽ കുറിച്ചത്.
ശ്രീനാഥ് ഭാസിയുടെ ഗംഭീരമായ അഭിനയത്തെയും പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് നടൻ്റെ പോസ്റ്റ്.