കഥയിൽ നിങ്ങളുടെ ഭാഗം എപ്പോഴും നിങ്ങൾതന്നെ വിശദീകരിക്കണമെന്നില്ല, കാലം അത് ചെയ്തോളും, ഐ ടി വകുപ്പിൻ്റെ റെയ്ഡിനോട് പ്രതികരിച്ച് സോനു സൂദ്

രാജ്യത്തെ ജനങ്ങളെ ആത്മാർഥമായി സേവിക്കലാണ് തൻ്റെ ലക്ഷ്യമെന്നും മുഴുവൻ കരുത്തോടെയും ആത്മാർഥതയോടെയും താനത് നിർവഹിക്കുന്നുണ്ടെന്നും പ്രശസ്ത ബോളിവുഡ് നടൻ സോനു സൂദ്. തനിക്കെതിരെയുള്ള ഐ ടി വകുപ്പിൻ്റെ റെയ്ഡിൽ പ്രതികരിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് നടൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.

താൻ നേതൃത്വം നൽകുന്ന ഫൗണ്ടേഷനിലെ ഓരോ ചില്ലിക്കാശും പാവങ്ങൾക്കുള്ളതാണ്. വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാനോ ആവശ്യക്കാരിലേക്ക് എത്തിച്ചേരുവാനോ ഉള്ളതാണ് ആ പണം. നിരവധി ബ്രാൻഡുകൾ എൻഡോഴ്സ് ചെയ്തതിന് ലഭിച്ച പ്രതിഫലവും താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. അതാണ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നത്.

ആരാധകർ നൽകുന്ന പിന്തുണയ്ക്കും അവരുടെ അളവറ്റ സ്നേഹത്തിനും കൃതജ്ഞതയുണ്ട്. താൻ നിയമം അനുസരിക്കുന്ന പൗരനാണ്. മുമ്പും അങ്ങിനെയായിരുന്നു. ഇനിയും അങ്ങിനെ ആയിരിക്കുകയും ചെയ്യും. രാജ്യത്തിൻ്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. നിയമത്തിലും വകുപ്പിലും സത്യസന്ധരായ ഉദ്യോഗസ്ഥരിലും വിശ്വാസമുണ്ട്. വെല്ലുവിളികളും തടസ്സങ്ങളും പോരാട്ടങ്ങളും ജീവിതത്തിൻ്റെ ഭാഗമാണ് എന്ന വിലപ്പെട്ട പാഠം പകർന്നുതന്ന തൻ്റെ സ്നേഹസമ്പന്നരായ മാതാപിതാക്കളെ ഈ നിമിഷം അനുസ്മരിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസമായി ചില അതിഥികളെ സൽക്കരിക്കുന്ന തിരക്കിലായി പോയതിനാൽ പ്രവർത്തനങ്ങളിൽ സജീവമായി തുടരാൻ കഴിഞ്ഞില്ലെന്ന് തൻ്റെ കുറിപ്പിൽ നടൻ പറയുന്നുണ്ട്. ഐ ടി വകുപ്പിൻ്റെ റെയ്ഡിനെയാണ് നടൻ പരോക്ഷമായി പരാമർശിക്കുന്നത് എന്നത് വ്യക്തം.

താൻ മടങ്ങിയെത്തിയെന്നും ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ പഴയതുപോലെ തുടരുമെന്നും നടൻ അറിയിക്കുന്നു. നന്മയുള്ള പ്രവൃത്തികൾ ചെയ്തുകൊണ്ടുള്ള തൻ്റെ ജീവിത യാത്ര തുടരുകയാണ്, അഭിമാനിയായ ഇന്ത്യൻ എന്ന വാചകത്തോടെയാണ് താരത്തിൻ്റെ വൈകാരികമായ പ്രസ്താവന അവസാനിക്കുന്നത്.

Related Posts