അപ്പ ഒരു സൂപ്പർ ഹീറോ അല്ലെന്ന് മനസ്സിലാക്കുന്ന നാൾ വരും; മകൾ ഇസയ്ക്കായി ടൊവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
മകൾ ഇസയ്ക്കായി നടൻ ടൊവിനോയുടെ ഹൃദയസ്പർശിയായ ഇൻസ്റ്റഗ്രാം പോസ്റ്റ്. മുളകൊണ്ട് കെട്ടിയ ഒരു ചങ്ങാടത്തിൽ പിടിച്ച് അൽപ്പം സാഹസികമായി പുഴയുടെ നടുവിൽ കിടക്കുന്ന അപ്പന്റെയും മകളുടെയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്പന്റെ ഏതൊരു ഭ്രാന്തൻ സാഹസികതയ്ക്കൊപ്പവും മറ്റൊന്നും ആലോചിക്കാതെ, നിർഭയമായി എടുത്തുചാടുന്നവളാണ് ഇസയെന്ന് ടൊവിനോ പറയുന്നു. അപ്പ ചെയ്യുന്നതെല്ലാം ചെയ്യാനാണ് അവളുടെ ആഗ്രഹം. തനിക്ക് ചെയ്യാൻ കഴിയുന്നതിന് അപ്പുറവും ചെയ്യാൻ അവൾക്ക് കഴിയട്ടേ എന്ന് ടൊവിനോ ആശംസിക്കുന്നു.
തന്റെ എല്ലാത്തരം കുറ്റകൃത്യങ്ങളിലും പങ്കാളിയാണ് ഇസക്കുട്ടി. ജീവിതത്തിൽ എത്രയോ വ്യത്യസ്തമായ റോളുകൾ ചെയ്യാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇസയുടെ പ്രിയപ്പെട്ട അപ്പയാവുക എന്നതിനോളം വരില്ല അവയൊന്നും. തന്നെ ഒരു സൂപ്പർ ഹീറോ ആയിട്ടാണ് മകൾ കാണുന്നത്. ലോകത്തെ സൂപ്പർ പവറുകളെല്ലാം കൈയിലുള്ള ഒരു അമാനുഷ വ്യക്തി. എന്നാൽ കുറേ കഴിയുമ്പോൾ അവൾക്ക് മനസ്സിലാകും അത്തരം അമാനുഷ കഴിവുകളൊന്നും അപ്പയ്ക്കില്ലെന്ന്. നിർഭയയും സ്വതന്ത്രയും കരുത്തയുമായ സ്ത്രീയായി വളരാൻ ഇസയ്ക്കാവട്ടെ. ശിരസ്സ് ഉയർത്തിപ്പിടിച്ച് സത്യത്തിനായി നിലകൊള്ളാൻ അവൾക്കാവട്ടെ. സ്വന്തം സൂപ്പർ ഹീറോ ആയി ഇസ മാറട്ടേ എന്ന പ്രാർഥനയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.