ദീപാവലി നിറപ്രഭയിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്ര സന്നിധിയിൽ നടൻ ഉണ്ണി മുകുന്ദൻ
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇരുളിനെ ആട്ടിയകറ്റി എല്ലായിടത്തും പ്രകാശത്തിൻ്റെ ദൃശ്യചാരുത ഉജ്വലിച്ചു നിൽക്കുന്ന ദിനം. വർണ വിസ്മയങ്ങളുടെയും ശബ്ദ വിസ്മയങ്ങളുടെയും മനോഹാരിതയിൽ മനം കുളിർക്കുന്ന അനുഭവമാണ് ഓരോ ദീപാവലിക്കാഴ്ചയും സമ്മാനിക്കുന്നത്. ചുറ്റുവിളക്കുകൾ എമ്പാടും നിറഞ്ഞും മൺചെരാതുകൾ പ്രകാശം ചൊരിഞ്ഞുമുള്ള നിറദീപങ്ങളുടെ കമനീയമായ കാഴ്ചയാണ് ദീപാവലി ദിനത്തിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രം കാഴ്ചവെയ്ക്കാറ്. വർണക്കാഴ്ചകളൊരുക്കി ദീപാവലിയെ നാടെങ്ങും വരവേൽക്കുമ്പോൾ തൃപ്രയാർ ശ്രീരാമക്ഷേത്ര സന്നിധിയിൽ വെച്ചെടുത്ത മനോഹരമായ ഫോട്ടോകൾ പങ്കുവെച്ച്
ദീപാവലി ആശംസകൾ നേരുകയാണ് മലയാളത്തിൻ്റെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ. ദീപാവലിയുടെ വെളിച്ചം എല്ലാവരുടേയും ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും നിറയ്ക്കട്ടേ എന്ന് നടൻ ആശംസിച്ചു.
ദീപാലങ്കാരത്തിൻ്റെ വർണവിസ്മയങ്ങളിൽ കുളിച്ചു നിൽക്കുന്ന ക്ഷേത്രസന്നിധിയിൽ നിന്നുള്ള നിരവധി ദൃശ്യങ്ങൾ നടൻ പങ്കുവെച്ചിട്ടുണ്ട്. കുനിഞ്ഞിരുന്ന് നിലവിളക്കിന് തിരി തെളിയിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങളുണ്ട്. ചുറ്റുവിളക്കിൻ്റെ അലൗകിക ദീപ്തിയിൽ മനോഹരമായ കസവുമുണ്ടുടുത്താണ് നടൻ നിൽക്കുന്നത്. ലിബ്സ് അലോൻസോയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സഫിർ ആൻ്റ് ഷദാബ് ബ്രാൻ്റിലുള്ള വസ്ത്രങ്ങളാണ് നടൻ അണിഞ്ഞിരിക്കുന്നത്.