യശോദേ എന്നു വിളിക്കുമ്പോൾ 'ശോ' എന്നുമാത്രം പുറത്തേക്കു കേട്ടു; സി വി ശ്രീരാമൻ്റെ ഭാര്യയെ അനുസ്മരിച്ച് നടൻ വി കെ ശ്രീരാമൻ

പ്രശസ്ത എഴുത്തുകാരൻ സി വി ശ്രീരാമൻ്റെ പത്നി യശോദ ശ്രീരാമനെ അനുസ്മരിച്ച് നടൻ വി കെ ശ്രീരാമൻ. എഴുത്തുകാരനെ എഴുതാൻ പ്രേരിപ്പിച്ചതും കഥകൾ മാധ്യമങ്ങൾക്ക് അയച്ചുകൊടുക്കാൻ നിർബന്ധിച്ചതും യശോദ എന്ന അദ്ദേഹത്തിൻ്റെ പ്രിയ പത്നി ആയിരുന്നെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വി കെ ശ്രീരാമൻ പറഞ്ഞു. തന്നെ കഥകൾ പറഞ്ഞു കേൾപ്പിക്കുമ്പോൾ കഥകൾ ഇങ്ങിനെ പറഞ്ഞു തീർക്കരുതെന്നും പ്രസിദ്ധീകരണങ്ങൾക്ക് അയച്ചു കൊടുക്കണമെന്നും യശോദേച്ചി നിർബന്ധിക്കുമായിരുന്നു.

യശോദേ എന്ന് ബാലേട്ടൻ വിളിക്കുമ്പോൾ "ശോ" എന്നു മാത്രമായിരുന്നു പുറത്തേക്ക് കേട്ടിരുന്നത്. അന്തരിച്ച എഴുത്തുകാരൻ സി വി ശ്രീരാമനെ ബാലേട്ടൻ എന്നാണ് അടുപ്പക്കാർ വിളിച്ചിരുന്നത്. സി വി ശ്രീരാമൻ്റെ പത്നി കുന്നംകുളം കൊങ്ങന്നൂർ ചെറുതുരുത്തി യാശോദ ശ്രീരാമൻ (88) ഇന്ന് രാവിലെയാണ് അന്തരിച്ചത്. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് പോർക്കളം ക്രിമറ്റോറിയത്തിൽ നടക്കും. ഹൈക്കോടതി സീനിയർ ഗവ. പ്ളീഡർ അഡ്വ: ഋത്വിക് മകനും അഡ്വ. ഷായി മരുമകളുമാണ്.

വി കെ ശ്രീരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

യശോദേച്ചി ഇന്നു പുലർച്ചെ യാത്രയായി.

ബാലേട്ടൻ (സി.വി.ശ്രീരാമൻ) യശോദേ എന്നു വിളിക്കുമ്പോൾ 'ശോ' എന്നു മാത്രം പുറത്തേക്കു കേട്ടു. തന്നെ പറഞ്ഞു കേൾപ്പിച്ച കഥകൾ ഇങ്ങനെ പറഞ്ഞു തീർക്കരുതെന്നും എഴുതി പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുക്കണമെന്നും നിർബ്ബന്ധിച്ചത് യശോദേച്ചിയായിരുന്നു.

കൈകൾ കൂപ്പുന്നു. വിട.

Related Posts