സ്വന്തം നിർമാണ കമ്പനി പ്രഖ്യാപിച്ച് നടി അമലപോൾ

സ്വന്തം നിർമാണ കമ്പനി പ്രഖ്യാപിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം അമല പോൾ. ട്വിറ്ററിലൂടെയാണ് നിർമാണ കമ്പനി രൂപീകരിച്ചതായി നടി അറിയിച്ചത്. അമലപോൾ പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയുടെ പേര്. 'കഡാവർ' എന്ന ചിത്രമാണ് ആദ്യമായി നിർമിക്കുന്നത്. അനൂപ് എസ് പണിക്കർ ആണ് സംവിധാനം. ചിത്രത്തിൻ്റെ പോസ്റ്ററും ഇതോടൊപ്പം നടി പുറത്തുവിട്ടു.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി താൻ സിനിമയിലുണ്ട്. ഈ രംഗത്തേക്ക് കാലെടുത്ത് വെച്ചിട്ട് 144 മാസവും 4380 ദിവസവും പിന്നിട്ടിരിക്കുന്നു. സമ്പന്നമായ അനുഭവങ്ങളും അംഗീകാരവുമാണ് ചലച്ചിത്ര മേഖല തനിക്ക് സമ്മാനിച്ചത്. നിർമാണ രംഗത്തേക്കുകൂടി ചിറക് വിരിച്ച് പറക്കുകയാണെന്ന് ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.

2009-ൽ ലാൽജോസ് സംവിധാനം ചെയ്ത റീമേക്ക് ചിത്രം 'നീലത്താമര' യിലൂടെയാണ് ആലുവ സ്വദേശിനിയായ അമല പോളിൻ്റെ സിനിമയിലേക്കുള്ള കടന്നുവരവ്. 2010-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'മൈന'യാണ് അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് തമിഴ്, മലയാളം, കന്നട ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുകയാണ് താരം.

Related Posts