നൂറ് ദിവസത്തെ ഫിറ്റ്നസ് പരിശീലനത്തിനൊരുങ്ങി നടി അനുശ്രീ

ഡയമണ്ട് നെക് ലെയ്സ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് അനുശ്രീ. കലാമണ്ഡലം രാജശ്രീ എന്ന നിഷ്കളങ്കയായ നാട്ടുമ്പുറത്തുകാരിയുടെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റാൻ അനുശ്രീക്കായി. തുടർന്നങ്ങോട്ട് ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് നടിക്ക് ലഭിച്ചത്.

റെഡ് വൈനിലെ ശ്രീലക്ഷ്മിയും റൈറ്റ് ലെഫ്റ്റ് റൈറ്റിലെ ദീപയും പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ കൊച്ചുറാണിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇതിഹാസയിലെ ജാനകി, ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ, മഹേഷിൻ്റെ പ്രതികാരത്തിലെ സൗമ്യ, ഒപ്പത്തിലെ എസിപി ഗംഗ, ആദിയിലെ ജയ, ഓട്ടോർഷയിലെ അനിത, മധുര രാജയിലെ വാസന്തി, പ്രതി പൂവൻകോഴിയിലെ റോസമ്മ എന്നിവയും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് അനുശ്രീ. സിനിമാ വിശേഷങ്ങൾക്കു പുറമേ കൂട്ടുകാർക്കൊപ്പമുളള രസകരമായ യാത്രകളും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.

ഫിറ്റ്നസിൻ്റെ പ്രാധാന്യത്തെ കുറിച്ചാണ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നടി പറയുന്നത്. ഫിറ്റ്നസ് ഒരു ജീവിത രീതിയാണ്. ശരീരത്തിനും മനസ്സിനും ആത്മാവിനുമെല്ലാം ഉണർവ് പകരുന്ന അനുഭവമാണ് അത് നൽകുന്നത്. നൂറ് ദിവസത്തെ ഫിറ്റ്നസ് പരിശീലനത്തിന് താൻ തയ്യാറെടുക്കുകയാണ് എന്ന് അറിയിക്കുന്ന താരം "നിങ്ങൾ എന്നാണ് സ്വന്തം ഫിറ്റ്നസ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത് " എന്ന ചോദ്യമാണ് ആരാധകരോടായി ഉയർത്തുന്നത്.

Related Posts